

സായാഹ്ന സവാരിക്കിടെ കാണാതായ 79 വയസുകാരിയെ ജിപിഎസ് ഉപയോഗിച്ച് കണ്ടെത്തി
മുംബൈ: മഹാരാഷ്ട്രയിലെ ശിവ്രിയില്‍ സായാഹ്ന സവാരിക്കിടെ കാണാതായ 79 വയസ്സുള്ള സ്ത്രീയെ ജിപിഎസ് ട്രാക്ക് ചെയ്ത് കണ്ടെത്തി. എന്നും വൈകിട്ട് പുറത്ത് നടക്കാനിറങ്ങാറുള്ള ഇവര്‍ സമയം കഴിഞ്ഞിട്ടും തിരികെ എത്താത്തിനെ തുടര്‍ന്ന് കുടുംബം ആശങ്കയിലായപ്പോഴാണ് ചെറുമകന്‍ ചെയ്തൊരു ബുദ്ധിപരമായ നീക്കം അവരെ കണ്ടെത്താന്‍ സഹായിച്ചത്. മുതിര്‍ന്ന പൗരയുടെ മാലയില്‍ ഒരു ചിപ്പ് കൊച്ചുമകന്‍ ഘടിപ്പിച്ചിരുന്നു. ഇതുവച്ചാണ് ഇവരെ ട്രാക്ക് ചെയ്ത് കണ്ടെത്തിയത്.
സൈറ ബി താജുദ്ദീന്‍ മുല്ലയെന്ന വൃദ്ധയെ നടത്തത്തിനിടയില്‍ ഒരു ഇരുചക്ര വാഹനം ഇടിച്ചിരുന്നു. തുടര്‍ന്ന് സംഭവസ്ഥത്തുണ്ടായിരുന്നവര്‍ ഇവരെ കെഇഎം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീട്ടിലേക്ക് വിളിച്ച് പറയാന്‍ പറ്റാതെ വന്നതോടെയാണ് വീട്ടുകാര്‍ പരിഭ്രാന്തരായത് . എന്താണെങ്കിലും ചെറുമകന്‌റെ ബുദ്ധിക്ക് വലിയ കയ്യടി നല്‍കുകയാണ് വീട്ടുകാര്‍.