
24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് 300 മില്ലീമീറ്റര്‍ മഴ
മുംബൈ: നാല് ദിവസമായി തുടരുന്ന മഴയില്‍ മുംബൈ നഗരം വെള്ളക്കെട്ടായി. കര, വ്യോമ, റെയില ഗതാഗതത്തെയും മോണോ റെയിലിനെയും മഴ ബാധിച്ചതോടെ ഗതാഗതം താറുമാറായി. മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച മാത്രം മഴക്കെടുതിയില്‍ 13 പേര്‍ മരിച്ചു. നാന്ദേഡിലാണ് 9 മരണം. ഇവിടെ ഒട്ടേറെ പേരെയാണു കാണാതയത്.
മഹാരാഷ്ട്രയില്‍ പത്ത് ലക്ഷത്തോളം ഹെക്ടര്‍ ഭൂമിയിലാണ് കൃഷിനാശം സംഭവിച്ചിരിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. അടുത്ത 24 മണിക്കൂറിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളുവെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തില്‍ ഇത്ര വലിയ മഴയുണ്ടാകുന്നത് സമീപകാലത്ത് ആദ്യമാണ്. മുന്‍പ് 2005ല്‍ ഉണ്ടായ മഹാപ്രളയത്തിന് സമാനമാണ് പലയിടത്തും കാര്യങ്ങളെന്നാണ് വിലയിരുത്തല്‍. അന്ന് ജൂലൈയിലാണ് കനത്ത മഴ പെയ്തത്. അതീവ ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ലോക്കല്‍ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. റെയില്‍വേ ട്രാക്കുകള്‍ മുങ്ങിയതോടെ 7 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. ഒട്ടേറെ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചിലതു തിരിച്ചുവിടുകയും ചെയ്തു.
റെയില്‍വേ സ്റ്റേഷനുകളിലും പാതിവഴിയില്‍ നിര്‍ത്തിയിട്ട ട്രെയിനുകളിലും യാത്രക്കാര്‍ കുടുങ്ങി.11 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. 250 വിമാനങ്ങള്‍ വൈകി.
വൈദ്യുതിവിതരണത്തില്‍ ഉണ്ടായ തകരാര്‍ മൂലം ഉയരപ്പാതയില്‍ ഓടുന്ന മോണോറെയില്‍ ഗതാഗതവും തടസ്സപ്പെട്ടു. വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ ട്രെയിനിലെ എസി സംവിധാനവും തകരാറിലായി. ഡോറുകള്‍ തുറക്കാനും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിൻ്റെ നേതൃത്വത്തില്‍ ക്രെയിനുകളെത്തിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്.