സിംഗപ്പൂർ ജോലിയുടെ പേരിൽ തട്ടിപ്പിനിരയായ മലയാളികള്‍ക്ക് എം പി സി സി പ്രസിഡന്‍റ് നാനാ പടോലെയുടെ സഹായ ഹസ്തം

ഇവരെ കൂടാതെ വേറെയും മലയാളികള്‍ ഇതേ ഏജന്‍റിനാല്‍ കബളി ക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സിംഗപ്പൂർ ജോലിയുടെ പേരിൽ തട്ടിപ്പിനിരയായ  മലയാളികള്‍ക്ക്  എം പി സി സി പ്രസിഡന്‍റ് നാനാ പടോലെയുടെ സഹായ ഹസ്തം

താനെ: സിംഗപ്പൂർ ജോലിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പിനിരയായ മലയാളികള്‍ക്ക് സഹായവുമാ‍യി എം പി സി സി പ്രസിഡന്‍റ് നാനാ പടോലെ. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശികളായ സുനീഷ് ശശാങ്കന്‍, റെജി രാമന്‍, സജിത്ത് രാജന്‍, ഹരികൃഷ്ണന്‍ ദേവദാസ്, രാജേന്ദ്രന്‍ ദാമോദരന്‍ എന്നീ അഞ്ചു പേരാണ് ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍, ഫാബ്രികേറ്റര്‍ തസ്‌കികളിലേക്ക് സിംഗപ്പൂരില്‍ ജോലിക്കായി ഏജന്‍റിന് പണം നല്‍കി കബളിപ്പിക്കപ്പെട്ടത്.

സിംഗപ്പൂരില്‍ വിവിധ കമ്പനികളില്‍ ജോലി ഒഴിവുണ്ടെന്നു വിശ്വസിപ്പിച്ചാണ് ഇവരിൽ നിന്ന് 2,40,000 രൂപ വീതം അനസ് എന്ന മലയാളി ഏജന്‍റ് കഴിഞ്ഞ മാസം ഡിസംബര്‍ 15 നകം ഗൂഗിള്‍ പേ വഴി കൈക്കലാക്കിയത്. താനെ നൗപ്പാടാ പോലീസ് പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്‍ എസ് ടൂര്‍സ് &ട്രാവെല്‍സ് എന്ന പേരിലാണ് ഇയാള്‍ താനെ ഗോഡ്ബന്തര്‍ റോഡില്‍ സ്ഥാപനം നടത്തിയിരുന്നത്.

പണം അയച്ച് രണ്ടു ദിവസത്തിനകം ഏജന്‍റ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങി. ഇതേത്തുടര്‍ന്ന് അഞ്ചു പേരും ഏജന്‍റിനെ തിരഞ്ഞ് മുംബൈയിലേക്ക് വരികയായിരുന്നു. എന്നാല്‍ ഓഫീസ് അഡ്രസ് ഇല്‍ എത്തിയപ്പോള്‍ ഓഫീസ് അടഞ്ഞു കിടക്കുന്നതായാണ് കണ്ടത്. പൊലീസ് സ്റ്റേഷനില്‍ പലവട്ടം കയറിയിറങ്ങിയിട്ടും പൊലീസ് പരാതി സ്വീകരിക്കാനോ കേസെടുക്കാനോ തയ്യാറായില്ല. താനെയിലെ ചില സംഘടനാ പ്രവര്‍ത്തകരെ സമീപിക്കാൻ ശ്രമിച്ചെങ്കിലും അവരില്‍ നിന്നും കാര്യമായ സഹായം ലഭിച്ചില്ല.

വിവരമറിഞ്ഞ് മലയാളിയായ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി (എം പി സി സി )ജനറല്‍ സെക്രട്ടറി ജോജോ തോമസ് ഇവരെ കോണ്‍ഗ്രസ് ആസ്ഥാനമായ ദാദര്‍ തിലക് ഭവനിലേക്കു വിളിച്ചു വരുത്തി കാര്യങ്ങള്‍ ആരായുകയായിരുന്നു. വിഷയത്തിന്‍റെ ഗൗരവാവസ്ഥ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ജോജോ തോമസ് ഇവരെ എം.പി.സി.സി അധ്യക്ഷനായ നാനാ പടോലെയുടെ ഓഫീസിൽ എത്തിച്ചു. വിവരങ്ങള്‍ ജോജോ തോമസില്‍ നിന്നു മനസിലാക്കിയ പടോലെ ഉടന്‍ തന്നെ താനെ ഡിസിപിയുമായി ഫോണില്‍ ബന്ധപ്പെടുകയും വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് താനെ ഡിസിപി തൊഴില്‍ തട്ടിപ്പിനിരയായവരെ തന്‍റെ ഓഫീസിൽ വിളിച്ചു വരുത്തി പരാതി സ്വീകരിച്ചു.

ജോജോ തോമസിന്‍റെയും എം.പി.സി.സി അധ്യക്ഷന്‍ നാനാ പടോലെയുടെയും സമീപനം അത്ഭുതകരമായി അനുഭവപ്പെട്ടുവെന്ന് മലയാളി സംഘം മെട്രൊ വാര്‍ത്തയോടു പറഞ്ഞു.

‌അതേസമയം ഇവരെ കൂടാതെ വേറെയും മലയാളികള്‍ ഇതേ ഏജന്‍റിനാല്‍ കബളി ക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏജന്‍റിനെ പോലിസ് തിരയുകയാണെന്നും ഈ വിഷയത്തില്‍ കര്‍ശന നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ കേസില്‍ പണം നല്‍കിയത് കേരളത്തില്‍ ആയതിനാല്‍ അവിടെ എഫ് ഐ ആര്‍ റെജിസ്റ്റര്‍ ചെയ്യാനായി തട്ടിപ്പിനിരയായവര്‍ കേരളത്തിലേക്ക് യാത്ര തിരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com