ജനുവരി മുതല്‍ ദിവസേന 40 സര്‍വീസുകള്‍; പുതുചരിത്രം രചിച്ച് നവിമുംബൈ വിമാനത്താവളം

ആദ്യദിനത്തില്‍ 4000 യാത്രക്കാര്‍
Navi Mumbai Airport creates new history with 40 daily flights from January

നവിമുംബൈ വിമാനത്താവളം

Updated on

മുംബൈ:രാജ്യത്തെ വ്യോമയാന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതിച്ചേര്‍ത്ത് മുംബൈ മേഖലയിലെ രണ്ടാമത്തെ വിമാനത്താവളമായ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യദിനത്തില്‍ 33 സര്‍വീസുകളും 4000 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.മുംബൈ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവിമുംബൈ വിമാനത്താവളം നിര്‍മിച്ചത്. ഇതോടെ മഹാനഗത്തിലെ വിമാനത്താവളങ്ങളുടെ എണ്ണം രണ്ടായി ഉയര്‍ന്നു.

ക്രിസ്മസ് ദിനത്തില്‍ രാവിലെ ബെംഗളൂരുവില്‍നിന്ന് വന്ന ഇന്‍ഡിഗോ 6ഇ460 ആയിരുന്നു നവി മുംബൈയിലേക്കെത്തിയ ആദ്യ വിമാനം. ഇത് രാവിലെ എട്ടുമണിക്ക് പറന്നിറങ്ങി. അര മണിക്കൂറിന് ശേഷം എന്‍എംഐഎയില്‍ നിന്ന് ആദ്യ വിമാനം പുറപ്പെട്ടു. കൊച്ചിയില്‍ നിന്നുള്ള വിമാനം 10.45ടെയാണ് നവിമുംബൈയില്‍ പറന്നിറങ്ങിയത്. വൈകിട്ട 6.25ന് ആയിരുന്നു കൊച്ചിയിലേക്കുള്ള സര്‍വീസ്.യാത്രക്കാരെയെല്ലാം മാലയിട്ടാണ് സ്വീകരിച്ചത്. മധുരപലഹാരങ്ങളും നല്‍കി.

അടുത്ത മാസത്തോടെ ദിവസേന ഇവിടെ നിന്ന് 40 സര്‍വീസുകളാണ് ലക്ഷ്യമിടുന്നത്. ഇന്‍ഡിഗോ, ആകാശ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്റ്റാര്‍ എയര്‍ എന്നിവയാണ് നവിമുംബൈയില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്ന കമ്പനികള്‍. നവിമുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിഗ്രൂപ്പിനാണ്.

ഏകദേശം 2,866 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്. പ്രതിവര്‍ഷം 90 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയും. പന്‍വേലില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ റായ്ഗഢ് ജില്ലയില്‍പ്പെടുന്ന 1160 ഹെക്ടര്‍ സ്ഥലത്താണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായി ഇതുവഴി ഒഴുകുന്ന ഗദ്ധിനദിയെ വഴി തിരിച്ചുവിടുകയും ഉല്‍വെ കുന്ന് ഇടിച്ച് നിരപ്പാക്കുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 5000 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com