

പിളര്‍പ്പിന് ശേഷം ആദ്യമാണ് സുപ്രിയ സുളെയും അജിതും വേദി പങ്കിടുന്നത്.
പുനെ: ശരദ് പവാറിന്‍റെയും അജിത് പവാറിന്‍റെയും നേതൃത്വത്തിലുള്ള എന്‍സിപിയുടെ ഇരുഘടകങ്ങളും ഒന്നിച്ചു മത്സരിക്കുന്ന പുനെ, പിംപ്രി ചിഞ്ച്വാഡ് നഗരസഭകളിലെ തെരഞ്ഞെടുപ്പിന്‍റെ സംയുക്ത പ്രകടനപത്രിക പുറത്തിറക്കി. അടുത്ത വ്യാഴാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, പ്രചാരണപരിപാടികളില്‍നിന്ന് ഇതുവരെ വിട്ടുനിന്നിരുന്ന നിരവധി മുതിര്‍ന്ന എന്‍സിപി നേതാക്കളും ഈ പരിപാടിയില്‍ പങ്കെടുത്തു.
ഡോ. അമോല്‍ കോല്‍ഹെ എംപി, ചേതന്‍ തുപെ എംഎല്‍എ, മുന്‍ എംഎല്‍എ സുനില്‍ ടിംഗ്രെ, സുഭാഷ് ജഗ്താപ്, ശ്രീകാന്ത് പാട്ടീല്‍, വിശാല്‍ താംബെ, രാജ്ലക്ഷ്മിതായി ഭോസാലെ, പ്രകാശ് മഹാസ്‌കെ, സ്വാതി പൊകലെ, വിജയ് കോള്‍ട്ടെ, ദീപക് മങ്കര്‍, മണാലി ഭിലാരെ എന്നിവരും മുന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും.
പ്രാദേശികതലത്തില്‍ സഖ്യത്തിന് വിശാലമായ പിന്തുണയാണ് ലഭിക്കുന്നത്. എന്നാല്‍ പുനെയുടെ വികസനത്തിന് വേണ്ടിയുള്ളതാണ് സഖ്യമെന്നും ഇതുമായി സംസ്ഥാനരാഷ്ട്രീയത്തെ ബന്ധിപ്പിക്കേണ്ടെന്ന നിലപാടാണ് സുപ്രിയ സുളെയ്ക്ക് ഉള്ളത്. പുതിയ റോഡുകളും ബസുകളില്‍ സൗജന്യയാത്രയും അടക്കം ഒട്ടേറെ ജന പ്രീയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.