
ബോംബെ യോഗക്ഷേമ സഭയുടെ സുവർണ ജൂബിലിയാഘോഷങ്ങളുടെ ('ദിശ @50') ഭാഗമായി യശശ്ശരീരനായ കഥകളിയാചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അനുസ്മരണവും സീതാസ്വയംവരം കഥകളിയും ഡോംബിവില്ലി മോഡൽ കോളെജിൽ സംഘടിപ്പിച്ചു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചേർന്ന് നെല്ലിയോടിന്‍റെ ഛായാചിത്രത്തിനു മുന്നിൽ നിലവിളക്ക് കൊളുത്തിയതോടെ പരിപാടികൾക്ക് തുടക്കമായി.
കലാകലാമണ്ഡലം ഗിരീശൻ പ്രാർഥനാഗീതം ആലപിച്ചു. സമീപ ദിവസങ്ങളിൽ മൺമറഞ്ഞ കഥകളിരംഗത്തെ പ്രമുഖ വ്യക്തികൾക്കും ബോംബെ യോഗക്ഷേമ സഭയുടെ കുടുംബാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തിത്തുടങ്ങിയ അനുസ്മരണ യോഗത്തിൽ സഭയുടെ പ്രസിഡണ്ട് രാധാകൃഷ്ണൻ മുണ്ടയൂർ (രാജീവ്) അധ്യക്ഷനായി. സെക്രട്ടറി സൂരജ് സ്വാഗതം പറഞ്ഞു.
നെല്ലിയോടാശാനുമൊത്ത് വേഷം ചെയ്യാൻ സാധിച്ച അസുലഭ നിമിഷങ്ങളെക്കുറിച്ച് കലാകലാമണ്ഡലം ഗോപാലകൃഷ്ണൻ സംസാരിച്ചു. കഥകളി അദ്ധ്യാപകനെന്ന നെല്ലിയോടിനേയും പഠനകാലത്തെ സവിശേഷാനുഭവങ്ങളേയും ശ്രീമതി താരാവർമ അനുസ്മരിച്ചു. ആശാന്‍റെ വേഷങ്ങൾക്ക് പിന്നണിയിൽ പാടുമ്പോൾ കൈവന്ന താളപ്രധാനമായ സംഗീതാനുഭവങ്ങളെ കലാമണ്ഡലം ഗിരീശൻ ഓർത്തെടുത്തു.
പാരമ്പര്യത്തിന്‍റെ വഴികളിൽ ഉറച്ചുനിന്ന നെല്ലിയോടിനെ അദ്ദേഹത്തിന്‍റെ 'ആശാരി' വേഷത്തിനെ അനുസ്മരിച്ച് പടുതോൾ വാസുദേവനും സംസാരിച്ചു. കേരള സമാജം ഡോംബിവില്ലിയുടെ പ്രതിനിധികളായി പ്രസിഡന്‍റ് രാധാകൃഷ്ണൻ നായർ, ചെയർമാൻ വർഗീസ് ഡാനിയൽ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, കലാവിഭാഗം സെക്രട്ടറി സുരേഷ് കുമാർ എന്നിവരും ബോംബെ യോഗക്ഷേമ സഭയുടെ മുതിർന്ന അംഗം ഈയ്ക്കാട് വാസുദേവൻ നമ്പൂതിരിയും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തിനകത്തും പുറത്തുമായി കഥകളിയിലെ പരശുരാമ വേഷം ആദ്യമായി ചെയ്ത വനിതാകലാകാരി കലാക്ഷേത്രം പ്രിയ നമ്പൂതിരി തന്നെയായിരുന്നു ഡോംബിവില്ലിയിലും പരശുരാമനായി നിറഞ്ഞാടിയത്. രംഗത്തുവന്ന മറ്റ് 3 വേഷങ്ങളിൽ (ശ്രീരാമൻ - കലാക്ഷേത്രം രഞ്ജിഷ് നായർ, ദശരഥൻ - കലാക്ഷേത്രം ദിവ്യ വാര്യർ & സീത - കലാക്ഷേത്രം സുജാത അരുൺ) 2 പേർ സ്ത്രീകളായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. പാട്ടിൽ കലാമണ്ഡലം ഗിരീശനും നെടുമ്പള്ളി കൃഷ്ണമോഹനും ചെണ്ടയിൽ സദനം ജിതിനും മദ്ദളത്തിൽ സദനം കൃഷ്ണപ്രസാദും പിന്തുണയേകി.
ചുട്ടി കലാമണ്ഡലം നിഖിൽ കൈകാര്യം ചെയ്തപ്പോൾ അണിയറയിൽ കലാനിലയം സജിത് സായിയും കലാനിലയം സഞ്ജയും സഹായികളായി. കോപ്പ് : രംഗഭൂഷ, ഇരിങ്ങാലക്കുട.
ഏറെ നാളുകൾക്കുശേഷം ഡോംബിവില്ലിയിൽ അരങ്ങേറിയ കഥകളി കാണാൻ മുംബൈയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള കഥകളിയാസ്വാദകരുടെ നിറഞ്ഞ സദസ്സുണ്ടായിരുന്നു. കൃഷ്ണപ്രിയയും പടുതോൾ വാസുദേവനും അനുസ്മരണ സമ്മേളനത്തിന്‍റെ അവതാരകരായിരുന്നു. ആലയ്ക്കാട് മോഹനൻ നന്ദി പറഞ്ഞു.