
നാഗ്പൂർ: 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ, മൂന്നെണ്ണമെങ്കിലും ബിജെപി ഒറ്റയ്ക്ക് വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
മിസോറാമിൽ അവരുടെ "എണ്ണം" വർദ്ധിക്കുക മാത്രമല്ല ശക്തി തെളിയിക്കുമെന്നും തെലങ്കാന തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നും മുതിർന്ന ബിജെപി നേതാവ് കൂട്ടിച്ചേർത്തു. "മിസോറാമിൽ ഞങ്ങളുടെ എണ്ണം നല്ല തോതിൽ വർദ്ധിക്കും, തെലങ്കാനയിലും ഞങ്ങൾക്ക് മികച്ച വിജയം ലഭിക്കും," ഗഡ്കരി പറഞ്ഞു. "ഈ രണ്ട് സംസ്ഥാനങ്ങളിലും സർക്കാർ ഞങ്ങളുടേത് തന്നെ ആയിരിക്കും".അദ്ദേഹം പറഞ്ഞു.
മിസോറാമിലും ഛത്തീസ്ഗഡിലും നവംബർ ഏഴിനായിരുന്നു ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. നവംബർ 17നാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ്.ഛത്തീസ്ഗഡിൽ രണ്ടാംഘട്ട വോട്ടെടുപ്പും നവംബർ 17ന് നടക്കും. രാജസ്ഥാനിൽ നവംബർ 25 നും തെലങ്കാനയിൽ നവംബർ 30 നും വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു."ഇപ്പോൾ നിലവിലുള്ള രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും കോൺഗ്രസ് സർക്കാരുകളെ താഴെയിറക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്".അദ്ദേഹം പറഞ്ഞു.
"രാജ്യത്തിന്റെ വിധിയും ഭാവിയും മാറ്റാൻ കഴിവുള്ള ഒരേയൊരു പാർട്ടി ബിജെപിയാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഞങ്ങൾ വിജയിക്കുമെന്ന് ഞാൻ ഉറപ്പ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഞങ്ങൾ വികസനം കൊണ്ടുവന്നു.നല്ല പ്രവർത്തനങ്ങൾ നടത്തി.രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കാൻ ഏതെങ്കിലും പാർട്ടിക്ക് ശേഷിയുണ്ടെങ്കിൽ അത് ജനങ്ങൾക്ക് അറിയാം.ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ട്'.അദ്ദേഹം പറഞ്ഞു.നാഗ്പൂരിൽ ഒരു മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.