
പുനെ : ഈ വര്‍ഷത്തെ ലോകമാന്യതിലക് ദേശീയപുരസ്‌കാരം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് സമ്മാനിച്ചു. ലോകമാന്യ ബാലഗംഗാധരതിലകന്‍റെ ചരമവാര്‍ഷികം പ്രമാണിച്ച് പുനെയിലെ തിലക് സ്മാരകമന്ദിറില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം നല്‍കിയത്.
ആത്മനിര്‍ഭര്‍ ഭാരതത്തിന്‍റെ അടിസ്ഥാനമായ സ്വരാജ്യത്തിന്റെ ബീജമന്ത്രം നല്‍കിയ ദീര്‍ഘവീക്ഷണമുള്ള സാമൂഹികപരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമരസേനാനിയുമായ ലോകമാന്യതിലകന്‍റെ പേരിലുള്ള ഈ മഹദ്പുരസ്‌കാരം ലഭ്യമായത് വളരെയധികം അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണെന്നു പറഞ്ഞ് നിതിന്‍ ഗഡ്കരി പറഞ്ഞു.
സ്വദേശി എന്ന ആശയത്തിന് നേതൃത്വം നല്‍കിയതിനും നൂതനമായ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ വിശാലമായ ദേശീയ റോഡ് ശൃംഖലയുടെ വികസനത്തിന് നേതൃത്വം നല്‍കി ലോകമാന്യതിലകിന്റെ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിനുമുള്ള അംഗീകാരമായിട്ടാണ് നിതിന്‍ ഗഡ്കരിയെ പുരസ്‌കാരം നല്‍കി ആദരിക്കുന്നതെന്ന് ലോകമാന്യതിലക് സ്മാരക ട്രസ്റ്റ് പ്രസിഡന്റ് രോഹിത് തിലക് ചടങ്ങില്‍ പറഞ്ഞു.