

രാജ് താക്കറെ
മുംബൈ: ഔറംഗസേബിന്‍റെ ശവകുടീരത്തിന്റെ പേരില്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ വിമര്‍ശിച്ച് മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന (എംഎന്‍എസ്) മേധാവി രാജ് താക്കറെ. ചരിത്രത്തെ ജാതിയുടെയും മതത്തിന്റെയും കണ്ണാടിയില്‍ കാണരുത്. ചരിത്രപരമായ വിവരങ്ങള്‍ക്കായി വാട്‌സാപ്പ് സന്ദേശങ്ങളെ ആശ്രയിക്കരുതെന്നും അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു.
ഛത്രപതിസംഭാജിനഗര്‍ ജില്ലയിലുള്ള ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന ചില സംഘടനകളുടെ ആവശ്യത്തിനിടെയാണ് താക്കറെയുടെ പ്രസ്താവന. ശിവജിക്ക് മുന്‍പും ശേഷവുമുള്ള കാലഘട്ടങ്ങളിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്ന് രാജ്താക്കറെ പറഞ്ഞു.
ഇന്നത്തെ കാലത്തെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ നമ്മള്‍ മറന്നു. ഒരു സിനിമ കണ്ട് ആവേശം പ്രകടിപ്പിക്കുന്നതില്‍ ഹിന്ദുക്കള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് അടുത്തിടെ പുറത്തിറങ്ങിയ 'ഛാവ'യെക്കുറിച്ച് താക്കറെ പരാമര്‍ശിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാന്‍ കഴിയില്ല.