എൻസിപി ലയന ചർച്ചകളില്ല; മാധ്യമങ്ങളിലൂടെ മാത്രമാണ് വാർത്തകൾ: ദേവേന്ദ്ര ഫഡ്നാവിസ്

ലയനസാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഈ മാസം ആദ്യം മുതൽ ശക്തമായിരുന്നു

Devendra Fadnavis

ദേവേന്ദ്ര ഫഡ്നാവിസ്

Updated on: 

നാഗ്പുർ: ഉപമുഖ്യമന്ത്രി സുനേത്ര പവാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ എൻസിപി ലയനവുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ മാധ്യമങ്ങളിലൂടെ മാത്രമാണ് കേൾക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നാഗ്പുരിൽ ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

''സർക്കാർ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് സുനേത്ര എന്നെ കാണാനെത്തിയത്. ലയനത്തെക്കുറിച്ച് എവിടെയും ചർച്ചയുണ്ടായിട്ടില്ല. ലയനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചർച്ചകൾ നടന്നിരുന്നെങ്കിൽ അധികാരത്തിൽ ഒരുമിച്ചുള്ള സഖ്യകക്ഷിയായ എൻസിപി ബിജെപിയുമായി സംസാരിക്കുമായിരുന്നു. ആരും ഞങ്ങളോട് ഇത്തരമൊരു കാര്യം സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇത്തരം ചർച്ചകളെക്കുറിച്ച് കേൾക്കുന്നത്. അതിനാൽ വിഷയത്തിൽ പ്രതികരിക്കുന്നത് ഉചിതമല്ല''- ഫഡ്നാവിസ് പറഞ്ഞു.

ലയനസാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഈ മാസം ആദ്യം മുതൽ ശക്തമായിരുന്നു. എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നാലെ സുനേത്ര പവാർ നയിക്കുന്ന എൻസിപിയിലെ പ്രഫുൽ പട്ടേൽ, പാർത്ഥ് പവാർ തുടങ്ങിയ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഇതോടെയാണ് ലയന ചർച്ചകൾ വീണ്ടും സജീവമായത്.