

ഷീന ബോറ
മുംബൈ: രാജ്യശ്രദ്ധ നേടിയ ഷീന ബോറ വധക്കേസ് വിചാരണയില്‍ പുതിയ സാക്ഷിയെ വിസ്തരിക്കാന്‍ സിബിഐക്ക് പ്രത്യേക കോടതി അനുമതി നല്‍കി. കേസിന്റെ ന്യായമായ തീരുമാനത്തിനു നിര്‍ദിഷ്ട സാക്ഷിയുടെ തെളിവുകള്‍ അനിവാര്യമാണെന്ന് പ്രത്യേക ജഡ്ജി ജെ.പി. ദാരേക്കര്‍ പറഞ്ഞു.
വര്‍ളിയിലെ ഹോട്ടല്‍ ഹില്‍ ടോപ്പ് ജനറല്‍ മാനേജരായിരുന്ന വെര്‍നോണ്‍ ഫെര്‍ണാണ്ടസിനെ നേരത്തേ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയിരുന്നു. കൊലപാതകക്കേസിലെ പ്രതി സഞ്ജീവ് ഖന്ന 2012 ഏപ്രില്‍ 24, 25 തീയതികളില്‍ ഈ ഹോട്ടലില്‍ താമസിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഫെര്‍ണാണ്ടസ് സിബിഐക്ക് കൈമാറിയിരുന്നു. എന്നാല്‍, വിചാരണയ്ക്കിടെ സാക്ഷിവിസ്താരം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഫെര്‍ണാണ്ടസ് മരിച്ചു.
തുടര്‍ന്ന് ഹോട്ടല്‍ രേഖകള്‍ ആധികാരികമാണെന്ന് തെളിയിക്കുന്നതിനായി അദ്ദേഹത്തിനൊപ്പം ജോലിചെയ്തിരുന്ന നാരായണ്‍ പഥക്കിനെ വിസ്തരിക്കാന്‍ കോടതിയോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഫെര്‍ണാണ്ടസിന്റെ കൈയക്ഷരവും ഒപ്പും പഥക്കിന് നന്നായി അറിയാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഈ സാക്ഷിയിലൂടെ പുതിയ തെളിവുകളൊന്നും ഹാജരാക്കില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.