'ആത്മാഭിമാനത്തേക്കാൾ വലുതായി മറ്റൊന്നുമില്ല'; കായിക താരങ്ങൾക്ക് പിന്തുണയുമായി മേധാ പട്കർ

സുപ്രീം കോടതി ഇടപെട്ടതിനെ തുടർന്നാണ് ബ്രിജ് ഭൂഷണിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നാളിതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല
'ആത്മാഭിമാനത്തേക്കാൾ വലുതായി മറ്റൊന്നുമില്ല'; കായിക താരങ്ങൾക്ക് പിന്തുണയുമായി മേധാ പട്കർ

മുംബൈ: രാജ്യത്തിൻ്റെ പേര് വാനോളം ഉയർത്തിയ കായിക താരങ്ങൾക്ക് പോലും ഈ ഗതി വന്നതിൽ വേദനയുണ്ടെന്നും അവരോടൊപ്പം നിൽക്കുന്നുവെന്നും ആക്ടിവിസ്റ്റ് മേധാ പട്കർ. മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള കായിക താരങ്ങളുടെ തീരുമാനം ഞെട്ടിച്ചിരുന്നതായും ഇത് മുഴുവൻ രാജ്യത്തിൻ്റെ പ്രത്യേകിച്ച് എല്ലാ സ്ത്രീകളുടെയും മനസാക്ഷിയെ, ഉണർത്തണമെന്നും മേധാ പട്കർ പറഞ്ഞു.

നിരവധി വനിതാ ഗുസ്തിക്കാരെ പീഡിപ്പിച്ചു എന്നാരോപണം നേരിടുന്ന ബിജെപി എംപിയും റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി പല ഭാഗത്തുനിന്നും ആവശ്യം ഉയർന്നിരുന്നു. “സ്വന്തം അന്തസിനേക്കാൾ വലുതൊന്നുമില്ല. പ്രതിഷേധക്കാർക്ക് നീതി നൽകാൻ കേന്ദ്രസർക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് തോന്നുന്നതിനാലാണ് താൻ സമരത്തെ പൂർണമായി പിന്തുണക്കുന്നതെന്നും പട്കർ പറഞ്ഞു.

സുപ്രീം കോടതി ഇടപെട്ടതിനെ തുടർന്നാണ് ബ്രിജ് ഭൂഷണിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നാളിതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. അതിലും ഞെട്ടിപ്പിക്കുന്ന കാര്യം സർക്കാരിൽ നിന്ന് ആരും അദ്ദേഹത്തിനെതിരെ സംസാരിച്ചിട്ടില്ല എന്നതാണ്. ഇത് ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും അപമാനമാണ്. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ല, മറിച്ച് എല്ലാ സ്ത്രീകളുടെയും അന്തസ്സിനെ ബാധിക്കുന്ന ഒന്നാണെന്നും അവർ പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള ബ്രിജ് ഭൂഷണിനെതിരെ നിയമപ്രകാരം ഗൗരവമായ നടപടികളൊന്നും കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല. ഈ അഹങ്കാരത്തിന് ഞങ്ങൾ നിശബ്ദ സാക്ഷികളായി തുടരില്ലെന്നും പട്കർ കൂട്ടിച്ചേർത്തു.

ജൂൺ ഒന്നിന്, ട്രേഡ് യൂണിയനുകൾ, കർഷക സംഘടനകൾ, വനിതാ സംഘടനകൾ, എൻജിഒകൾ എന്നിവ ഇന്ത്യയിലുടനീളമുള്ള പ്രതിഷേധ കായിക താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യവ്യാപകമായി പ്രകടനങ്ങൾ നടത്തുമെന്ന് പട്കർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പ്രശ്‌നം ശക്തി പ്രാപിക്കുന്നു, ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയനാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്നും അവർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com