

ഇനി ഭൂഗര്‍ഭ മെട്രൊ പാതയിലും ഇടവേളകളില്ലാതെ മൊബൈല്‍ റേഞ്ച്
മുംബൈ: മുംബൈ മെട്രൊ ലൈന്‍ 3 (അക്വാ ലൈന്‍) യാത്രക്കാര്‍ക്ക് ഇനി യാത്രയിലുടനീളം തടസമില്ലാതെ ഫോണ്‍ വിളിക്കാം, അതിവേഗത്തില്‍ ഇന്‍റർനെറ്റും ഉപയോഗിക്കാം. ഭൂഗര്‍ഭ പാതയിലൂടെയുള്ള യാത്രയില്‍ നേരിട്ടിരുന്ന മൊബൈല്‍ നെറ്റ്വര്‍ക്ക് തടസങ്ങള്‍ക്ക് പരിഹാരമായി അത്യാധുനിക ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കിയതായി മുംബൈ മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ആദ്യഘട്ട സര്‍വീസ് നടക്കുന്ന ആരേ മുതല്‍ ബോന്ദ്ര കുര്‍ള കോംപ്ലക്‌സ് വരെയുള്ള പത്ത് ഭൂഗര്‍ഭ സ്റ്റേഷനുകളിലും തുരങ്കങ്ങളിലുമാണ് ഇപ്പോള്‍ ഇന്‍-ബില്‍ഡിങ് സൊല്യൂഷന്‍ സാങ്കേതികവിദ്യ നടപ്പാക്കിയിരിക്കുന്നത്. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കമ്പനിയുമായി ചേര്‍ന്നാണ് എംഎംആര്‍സിഎല്‍ ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
മെട്രൊ ട്രെയിനുകള്‍ തുരങ്കങ്ങളിലൂടെ പായുമ്പോഴും യാത്രക്കാര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ 4ജി, 5ജി കണക്റ്റിവിറ്റി ലഭ്യമാകും. നിലവില്‍ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ , എന്നിവര്‍ ഈ അത്യാധുനിക ശൃംഖലയുമായി തങ്ങളുടെ സര്‍വീസുകളെ ബന്ധിപ്പച്ചതായും അധികൃതര്‍ വ്യക്തമാക്കി.