

തുഞ്ചന്‍ സാഹിത്യോത്സവം 21 ന്
ഡോംബിവലി: മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും മഹത്തായ പാരമ്പര്യത്തെ ആഘോഷിക്കുകയെന്ന ലക്ഷ്യത്തോടെ തുഞ്ചന്‍ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. 21ന് രാവിലെ 10 മുതല്‍ കേരളീയ സമാജം ഡോംബിവലിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.
മഹാരാഷ്ട്രയിലെ മലയാളി നോവലിസ്റ്റുകളുടെ കൃതികളില്‍ നിന്ന് വിദഗ്ധ ജൂറിയുടെ വിധിനിര്‍ണയത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കൃതിക്ക് ആദ്യമായി സമാജം തുഞ്ചന്‍ സ്മാരക സാഹിത്യ പുരസ്‌കാരം നല്‍കും. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.
പ്രശസ്ത സാഹിത്യകാരനും നോവലിസ്റ്റുമായ ടി.ഡി. രാമകൃഷ്ണന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ. ജയകുമാര്‍ സാഹിത്യ പുരസ്‌കാരം സമര്‍പ്പിക്കും.പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം. ജി. അരുണ്‍ നഗരസാഹിത്യം കാലം, പ്രമേയം, ഭാവുകത്വം എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കും.