

നിര്‍ത്തിയിട്ടിരുന്ന കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
മുംബൈ: പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് 25-കാരന്‍ മരിച്ചു. കാറിന്റെ സ്റ്റിയറിങ് വീലിലെ എയര്‍ബാഗ് അപ്രതീക്ഷിതമായി പുറത്തേക്ക് വരികയും കവചം കഴുത്തില്‍ ഇടിക്കുകയുമായിരുന്നു. മിരാ റോഡ് (ഈസ്റ്റ്) തിയാര ഹില്‍സ് നിവാസിയായ മോഹിത് സോണിയാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 15 വര്‍ഷം പഴക്കമുള്ള വാഹനമാണിത്.
സോണി കാറിനുള്ളില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കാഷിമിര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം ഉടനടി സ്ഥലത്തെത്തി സോണിയെ വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. എയര്‍ബാഗ് പെട്ടെന്ന് പുറത്തേക്ക് വന്നതിനെ തുടര്‍ന്ന് അതിന്റെ പ്ലാസ്റ്റിക് കവര്‍ തെറിച്ച് സോണിയുടെ കഴുത്തിന്റെ വലതുഭാഗത്ത് ശക്തമായി ഇടിച്ചതാവാമെന്ന് അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.എസ് കാഷിദ് പറഞ്ഞു. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ സോണിക്ക് വലിയ തോതില്‍ രക്തം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബോധരഹിതനാവുകയും മരിക്കുകയുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.