

ഓണം സമത്വത്തിന്‍റേയും ഐക്യത്തിന്‍റേയും സന്ദേശമാണ് നൽകുന്നത്; ബി.ബി. ഗോപകുമാർ എംഎൽഎ
വസായ്: ഓണം സമത്വത്തിന്‍റേയും ഐക്യത്തിന്‍റേയും സന്ദേശമാണ് നൽകുന്നതെന്നും നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ രാജ്യത്ത് നടക്കുന്നതും അതാണെന്നും ചാത്തന്നൂർ എംഎൽഎയും ബിജെപി നിയമസഭാ കക്ഷി നേതാവുമായ ബി.ബി. ഗോപകുമാർ പറഞ്ഞു. പ്രതീക്ഷ ഫൗണ്ടേഷന്‍റെ വാർഷികവും ഓണാഘോഷവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാത്തന്നൂരിലെ എന്‍റെ വിജയത്തിന് വേണ്ടി വസായ് താലൂക്കിലെ എംഎൽഎ രാജൻ നായിക്കും മുപ്പതിലധികം പ്രവർത്തകരും വന്ന് പ്രവർത്തിച്ചത് നന്ദിയോടെ ഓർക്കുന്നുവെന്നും ഇവിടെ വന്ന് അവരെയെല്ലാം കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഗോപകുമാർ പറഞ്ഞു. നല്ലസെപ്പാര എം എൽഎ രാജൻ നായിക്കിന്‍റെ നേതൃത്വത്തിൽ വസായിയിൽ നിന്നുള്ള ബിജെപി പ്രവർത്തകർ ചാത്തന്നൂരിൽ പതിനഞ്ചു ദിവസത്തോളം വീടുവീടാന്തരം കയറി നടത്തിയ പ്രവർത്തനം തന്‍റെ വിജയത്തിന്‍റെ മാറ്റ് കൂട്ടി ഇത്തരം മലയാളി കൂട്ടായ്മ ദേശീയ താൽപ്പര്യത്തിന് ആക്കം കൂട്ടാനും മോദിജിയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും ഏറെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎ ആയതിനുശേഷം ഗോപകുമാറിന്‍റെ ആദ്യ മുംബൈ സന്ദർശനമായിരുന്നു ഇത്. മുംബൈ താനെ എസ് എൻ ഡി പി യോഗത്തിന്‍റെ ഗുരുജയന്തി ആഘോഷത്തിൽ പങ്കെടുത്ത ശേഷമായിരുന്നു ഗോപകുമാർ വസായിയിലെത്തിയത്. എംഎൽഎമാരായ സ്നേഹ ദുബെ പണ്ഡിറ്റ്, രാജൻ നായിക് പ്രമുഖ വ്യവസായി രാജ്മോഹൻ പിള്ള, ഉമ്മൻ ഡേവിഡ് തുടങ്ങിയ പൗരപ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്കുള്ള പ്രതീക്ഷ പുരസ്ക്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. വസായ് താലൂക്കിൽ എസ് എസ് സി പരീക്ഷയിൽ ഉയർന്ന മാർക്കു നേടിയ പത്തു വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. താലൂക്കിലെ ആശാവർക്കർമാർക്ക് ചടങ്ങിൽ വെച്ച് ഓണക്കോടി സമ്മാനിച്ചു.
രാജ്മോഹൻ പിള്ള (ചെയർമാൻ ബീറ്റ ഗ്രൂപ്പ് ) മേജർ രവി, ഡോ: എം എസ് സുനിൽ, വൃന്ദ, പ്രഭാകർ സൂര്യവംശി, ജെ.പി തകഴി,കൃഷ്ണ പ്രിയ, ഡോ വി കെ അബ്ദുൽ സമദ്, അഡ്വ ബെറ്റി സുധീർ, അനുപമ എം. ആചാരി, ഗോപിനാഥൻ പിള്ള, അനിത നായർ , കെ.വി ജോൺ, , പാർഥൻ ടി.സി. കാരിയാട്, സുനിൽ എ.കെ., വിജയ രാജമല്ലിക, നീതു മനോജ്, പ്രണവ് നായർ, മുകേഷ് എം. നായർ , രാജു ആർ., അരവിന്ദ് എ., പ്രീതി ആമി, പ്രശാന്ത് എസ്., രാഹുൽ രമേശ്, ടി.എൻ. രാജൻ, ഗിരിജൻ അയ്യപ്പൻ നായർ, സുനിൽ നായർ ആക്ടിവിസ്റ്റുകളായ നിഖി ചൗള എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി സംസാരിച്ചു. വിവിധ കലാപരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ സദ്യയോടു കൂടിയാണ് പരിപാടി സമാപിച്ചത്