

ടിക്കറ്റ് ചെക്കര്ക്കെതിരേ കേസെടുത്ത് പൊലീസ്
മുംബൈ: കാന്തിവ്ലി റെയ്ല്വേ സ്റ്റേഷനില് കാലാവധി കഴിഞ്ഞ റെയ്ല്വേ പാസിനെച്ചൊല്ലിയുണ്ടായ തര്ക്കത്തിനും കൈയാങ്കളിക്കും പിന്നാലെ ചീഫ് ടിക്കറ്റ് എക്സാമിനര്ക്കും വനിതാ യാത്രക്കാരിക്കുമെതിരേ മുംബൈ പൊലീസ് കേസെടുത്തു.
ഗോരേഗാവ് ഈസ്റ്റ് സ്വദേശിനിയായ ചീഫ് ടിക്കറ്റ് എക്സാമിനര് പ്രിയ അംബാവഡെ (49) നല്കിയ പരാതിയുടെ അടിസ്ഥാനത്തില് വനിതാ യാത്രക്കാരിക്കെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 7.30-ഓടെ ഒന്നാം നമ്പര് പ്ലാറ്റ്ഫോമിലെ കാന്റീന് സമീപം പരിശോധന നടത്തുന്നതിനിടെ, ഒക്റ്റോബർ 15ന് കാലാവധി കഴിഞ്ഞ പാസ് കാണിച്ച യാത്രക്കാരിയോട് 510 രൂപ പിഴയടക്കാന് ആവശ്യപ്പെട്ടതാണ് തര്ക്കത്തിന് കാരണമായത്. പിഴ നല്കാന് കഴിയില്ലെന്ന് പറഞ്ഞ് ഓടാന് ശ്രമിച്ച യാത്രക്കാരിയെ തടയുന്നതിനിടയില് ഉണ്ടായ കൈയാങ്കളിയില് ഇരുവരും നിലത്തുവീഴുകയും യാത്രക്കാരിയുടെ കുര്ത്ത കീറുകയും ചെയ്തുവെന്ന് പരാതിയില് പറയുന്നു. പിന്നീട് ഭര്ത്താവുമായി തിരികെയെത്തി വനിതാ യാത്രക്കാരി തന്നോട് അധിക്ഷേപകരമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പ്രിയ അംബാവഡെ ആരോപിച്ചു.
അതേസമയം, വനിതാ യാത്രക്കാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില് ടിക്കറ്റ് എക്സാമിനര് പ്രിയ അംബാവഡെയ്ക്കെതിരേ ബി.എന്.എസ് സെക്ഷന് 351, 324 വകുപ്പുകള് പ്രകാരം ജിആര്പി ക്രോസ് എഫ്ഐആറും രജിസ്റ്റര് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് പ്ലാറ്റ്ഫോമില് തടിച്ചുകൂടിയ യാത്രക്കാര് ടിക്കറ്റ് എക്സാമിനര് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. തുടര്ന്ന് പോലീസ് സ്റ്റേഷനില് വച്ച് പ്രിയ അംബാവഡെ യാത്രക്കാരിയോട് മാപ്പ് പറഞ്ഞെങ്കിലും യാത്രക്കാരിയും കേസ് നല്കുകയായിരുന്നു.