ശിവസേനയുടെ 60ാം വാര്‍ഷികത്തില്‍ അപ്രസ്‌ക്തനാകുന്ന ഉദ്ധവ് താക്കറെ

വീണ്ടും പിളരുമ്പോള്‍ ഉദ്ധവിന് ഇനി എന്ത് ഭാവിയെന്ന ചോദ്യമാണ് ഉയരുന്നത്.
Uddhav Thackeray to remain silent on Shiv Sena's 60th anniversary

ഉദ്ധവ് താക്കറെ

Updated on

മുംബൈ: 1966ല്‍ ബാല്‍ താക്കറെ സ്ഥാപിച്ച ശിവസേന ഇന്ന് 60ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പാര്‍ട്ടി വീണ്ടും ഒരു പിളര്‍പ്പിന്‍റെ വക്കിലാണ്. മുന്‍പും പിളര്‍പ്പുകളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ടെങ്കിലും വേഗത്തില്‍ തന്നെ പാര്‍ട്ടിയുടെ കടിഞ്ഞാണില്‍ പിടി മുറുക്കാന്‍ ബാല്‍ താക്കറെയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഉദ്ധവിനാകട്ടെ പ്രതിസന്ധികളില്‍ നോക്കി നില്‍ക്കാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം പാര്‍ട്ടിയുടെ 9 എംപിമാരില്‍ 6 പേരും ഉദ്ധവിനെ തള്ളി പറഞ്ഞ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും പാര്‍ട്ടിയും ചിഹ്നവും അടക്കം കൈപ്പിടിയിലൊതുക്കിയ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ഒപ്പം ചേരുകയാണ്. ഉദ്ധവിന്‍റെ രാഷ്ട്രീയഭാവി തന്നെ ആശങ്കയിലാക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബാല്‍ താക്കറെയുടെ ശിവസേന ഇന്ന് ഷിന്‍ഡെ സേനയായി മാറുകയാണ്.

പിളര്‍പ്പുകളുടെ ചരിത്രമെടുത്താല്‍ ഒട്ടേറെ തവണ അതുണ്ടായിട്ടുണ്ട്. ആഭ്യന്തര കലാപങ്ങളും ശിവസേനയ്ക്ക് പുത്തരിയായിരുന്നില്ല. എന്നാല്‍ താക്കറെ കുടുംബത്തെ അപ്രസക്തമാക്കി പൂര്‍ണമായും മറ്റുള്ളവര്‍ പാര്‍ട്ടിയെ ചലിപ്പിക്കുന്നത് 60 വര്‍ഷ ചരിത്രത്തില്‍ ആദ്യമാണ്. ബാല്‍ താക്കറെയുടെ മരണത്തിന് ശേഷമുള്ള പിളര്‍പ്പുകളെ നേരിടാന്‍ പാര്‍ടിയില്‍ ശക്തമായ നേതൃത്വം ഇല്ലാതെ പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണം. ശിവസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി 2022 ജൂണില്‍ അരങ്ങേറി. താനെയില്‍നിന്നുള്ള മുതിര്‍ന്നനേതാവ് എന്ന നിലയില്‍ മാത്രമല്ല സംഘടനാശേഷി തെളിയിച്ച നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിനെതിരേ കലാപം നടത്തി. മഹാവികാസ് അഘാഡി സര്‍ക്കാരില്‍ കോണ്‍ഗ്രസുമായും എന്‍സിപിയുമായും സേന സഖ്യമുണ്ടാക്കിയതിലുള്ള അതൃപ്തിയാണ് കലാപത്തിന് കാരണമായത്.

മുന്‍ പിളര്‍പ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ഷിന്‍ഡെ പാര്‍ട്ടിയുടെ ഭൂരിപക്ഷം നിയമസഭാംഗങ്ങളുടെയും പിന്തുണനേടി. സേനയുടെ 55 എംഎല്‍എമാരില്‍ 40-ലധികം പേര്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ഇത് ഉദ്ധവ് താക്കറെ സര്‍ക്കാരിന്‍റെ പതനത്തിലേക്ക് നയിച്ചു. തുടര്‍ന്ന് ഷിന്‍ഡെ ബിജെപി പിന്തുണയോടെ ഒരു സര്‍ക്കാര്‍ രൂപീകരിച്ച് മുഖ്യമന്ത്രിയായി. നിയമപോരാട്ടത്തിലൂടെ പാര്‍ടിയുടെ ചിഹ്നവും കൊടിയും പിടിച്ചു. വീണ്ടും ഉദ്ധവിനൊപ്പം ഉള്ള എംപിമാര്‍ക്ക് ഒപ്പം എംഎല്‍എമാരെയും അടര്‍ത്തി മാറ്റാനുള്ള നീക്കങ്ങളും തുടരുകയാണ്.

പോകേണ്ടവര്‍ക്ക് പോകാം എന്ന ദുര്‍ബല പ്രതികരണത്തിന് അപ്പുറം ശക്തമായ നടപടികള്‍ എടുക്കാന്‍ പോലും ഉദ്ധവിന് കഴിഞ്ഞിട്ടുമില്ല.

logo
Metro Vaartha
www.metrovaartha.com