വെസ്റ്റേൺ മേഖലയിലെ യാത്ര ദുരിതം: ഡി.ആർ.എമ്മിന് നിവേദനം നൽകി

വെസ്റ്റേൺ മേഖലയിലെ യാത്ര ദുരിതം: ഡി.ആർ.എമ്മിന് നിവേദനം നൽകി

മുംബൈ: വെസ്റ്റേൺ മേഖലയിലെ യാത്ര ദുരിതത്തിന് പരിഹാരം തേടി കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി വൽസാഡിൽ നിന്ന് കൊച്ചുവെളിയിലേക്ക് ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൽസാഡ് മുതൽ ബാന്ദ്രാ വരെയുള്ള മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഫെയ്മ മഹാരാഷ്ട്ര വെസ്റ്റേൺ മുംബൈ മലയാളി റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷനും ഫെഡറേഷൻ ഓഫ് ഗുജാറാത്ത് മലയാളി അസോസ്സിയേഷനും യോജിച്ചുകൊണ്ട് നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി വെസ്റ്റേൺ ഡിവിഷണൽ റെയിൽവേ മാനേജർ നീരജ് വർമ്മയുമായി നടന്ന മീറ്റിങ്ങിൽ ആവശ്യങ്ങളടങ്ങിയ നിവേദനം നൽകി.

സംഘടന നേതാക്കളായ അശോകൻ പി പി ( ജനറൽ സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര , ശിവപ്രസാദ് കെ നായർ ( സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര മുംബൈ സോണൽ ), എം.സി വിവേകാനന്ദൻ ( വൈസ് പ്രസിഡണ്ട് ഫെഗ്മ ഗുജാറാത്ത്, ജോഷി തയ്യിൽ (പ്രസിഡണ്ട് താരാപ്പൂർ മലയാളി സമാജം), വിദ്യാധരൻ ( ബസ്സീൻ കേരളാ സമാജം), കുഞ്ഞികൃഷ്ണൻ ( മീരാറോഡ് മലയാളി സമാജം ) എന്നിവരുമായി നടത്തിയ ചർച്ചയിൽ നിവേദനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾക്ക് വെസ്റ്റേൺ റെയിൽവെ ശ്രമിക്കാമെന്നും സെൻട്രൽ റെയിൽവേയുടെ അനുമതിക്കായി ശ്രമിക്കുമെന്നും അറിയിച്ചു. സ്പെഷൽ ട്രെയിൻ വിഷയത്തിൽ നിലവിൽ സർവീസുള്ള ബാന്ദ്രാ - മംഗലാപുരം ട്രെയിൻ കൊച്ചുവെളിയിലേക്ക് നീട്ടാൻ ശ്രമിക്കുമെന്നും ഡി.ആർ.എം അറിയിച്ചു. മലയാളി സംഘടനകൾ കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രമന്ത്രി നിതിൻ ഗാഡ്കരിക്കും പാൽഘർ എം പി രാജേന്ദ്ര ഗവിത്തിനും വൽസാഡ്, വാപ്പി, ദഹാനുറോഡ്, ബോയ്സർ, പാൽഘർ, വസായ് റോഡ് എന്നീ മേഖലയിലെ റെയിൽവെ സ്റ്റേഷൻ മാനേജർമാർക്കും നിവേദനം നൽകിയിരുന്നു. ഈ നിവേദനങ്ങളുടെ കോപ്പികൾ സഹിതമാണ് ഡി ആർ എം ന് നിവേദനം നൽകിയത്.

മുംബൈയിലെ വെസ്റ്റേൺ മേഖലകളായ ദഹാനു റോഡ്, ബോയ്സർ , പാൽഘർ , വിരാർ മുതൽ ബാന്ദ്ര വരെയുള്ള നിരവധി മലയാളികൾ, കൊങ്കൺ വാസികൾ ,കർണ്ണാടകക്കാർ താമസിക്കുന്നുണ്ടെങ്കിലും ഇവർക്കെല്ലാം ജന്മ നാട്ടിലേക്ക് പോകാൻ ഇന്നും ട്രെയിൻ സൗകര്യം അപര്യാപ്തമാണ്. വസായി വഴി ഗുജറാത്തിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പുകളുണ്ടെങ്കിലും അപര്യാപ്തമായ റിസർവേഷൻ ക്വോട്ട കാരണം ഭൂരിപക്ഷം പേരും നാട്ടിലേക്ക് പോകാൻ ആശ്രയിക്കുന്നത് കുർളാ ടെർമിനസ്, പനവേൽ മുതലായ റെയിൽവേ സ്റ്റേഷനുകളാണ്. നേരിട്ട് ലോക്കൽ ട്രെയിൻ സൗകര്യമില്ലാത്തതുമൂലം മുതിർന്നവരും സ്ത്രീകളും കുട്ടികളും വളരെ കഷ്ടപ്പെട്ടാണ് കുർള, പൻവേൽ സ്റ്റേഷനുകളിലെത്തി കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കയറിപ്പറ്റുന്നത്. പലപ്പോഴും ഞായറാഴ്ചകളിലും റെയിൽവേ മെഗാ ബ്ലോക്ക് മൂലമുണ്ടാകുന്ന അസൗകര്യങ്ങളിലും ടാക്സിയെ ആശ്രയിച്ചാണ് 3500 – 5000 രൂപ വരെ വാടക നൽകി ഓരോ കുടുംബങ്ങളും ഈ സ്റ്റേഷനുകളിൽ എത്തുന്നത്. നിരവധി വർഷങ്ങളായി വെസ്റ്റേൺ മേഖലയിൽ താമസിക്കുന്നവർക്ക് നാട്ടിലേക്ക് പോകുവാൻ നേരിട്ട് ട്രെയിൻ ലഭിക്കുവാൻ പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും ഇതുവരെ റെയിൽവേയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com