

ഗുരുസെന്ററില് ലൈബ്രറിയുടെ ഉദ്ഘാടനം നടത്തി
വസായ്: ശ്രീനാരായണ മന്ദിരസമിതി വസായ് നായ്ഗാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തില് പുതുതായി നിര്മിച്ച ഗുരുസെന്ററില് സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും സെമിനാറും നടത്തി. സമിതി അധ്യക്ഷന് എം ഐ ദാമോദരന് ഉദ്ഘാടനം ചെയ്തു. ജനറല് സെക്രട്ടറി ഓ കെ പ്രസാദ്, സാംസ്കാരിക വിഭാഗം കണ്വീനര് കെ. ഷണ്മുഖന്, സോണല് സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്, ടി. സി. അച്ചുതന് തുടങ്ങിയവര് പ്രസംഗിച്ചു. സീനിയര് കൗണ്സില് മെംബര് സി. എന്. സദാനന്ദന് നന്ദിയും യൂണിറ്റ് സെക്രട്ടറി എം. എം. രാധാകൃഷ്ണന് സ്വാഗതവും പറഞ്ഞു.
മതദ്വേഷം ലോകത്തെ വിഴുങ്ങുന്ന ഈ കാലത്ത്, അതിനുള്ള സിദ്ധൗഷധം എന്തെന്ന അന്വേഷണത്തിന് ശ്രീനാരായണ ഗുരു ദര്ശനം ഉത്തരമാകുമെന്ന് സെമിനാറില് പ്രബന്ധ അവതാരകരായ മായാ സഹജനും ബിജിലി ഭരതനും അഭിപ്രായപ്പെട്ടു. ആത്മോപദേശശതകം എന്ന ദാര്ശനിക കൃതിയിലെ 44 മുതല് 49 വരെയുള്ള ശ്ലോകങ്ങള് ഉദ്ധരിച്ച് ബിജിലി ഭരതന് ഗുരുവിന്റെ മതമീമാംസ വിശദീകരിച്ചു. മനുഷ്യരുടെ പരമലക്ഷ്യം ആത്മസുഖമാണെന്നും അതിലേക്കുള്ള വഴി കാണിക്കുകയാണ് മതങ്ങളുടെ ധര്മ്മമെന്നും അദ്ദേഹം സമര്ഥിച്ചു.
ചരിത്രപശ്ചാത്തലവും ലോകസാഹിത്യകാരന്മാരുടെയും ശാസ്ത്രത്തിന്റെയും കാഴ്ചപ്പാടുകളും സമന്വയിപ്പിച്ച് മാനവികതയാണ് മതത്തിനു മുകളിലെന്ന് സമിതി സോണല് സെക്രട്ടറി മായാ സഹജന് ചൂണ്ടിക്കാട്ടി.
തൊഴിലാളി പ്രസ്ഥാനത്തിന്റെ ജീവാത്മാവും സമിതിയുടെ ആദ്യകാല ചരിത്രത്തിന്റെ നേര്സാക്ഷിയുമായ പി. ആര്. കൃഷ്ണന് തന്റെ അമൂല്യമായ പുസ്തകശേഖരം വസായ് ഗുരുസെന്ററിലെ വായനശാലയ്ക്ക് നല്കി. വിവിധ വിഷയങ്ങളിലെ ഈ പുസ്തകങ്ങള് വായനശീലം പുനര്ജീവിപ്പിക്കാന് വഴികാട്ടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.