

മുളുണ്ടില്‍ റോപ് വേ നിര്‍മിക്കാന്‍ പദ്ധതി
മുംബൈ: മുംബൈയിലെ ആദ്യ റോപ് വേ പദ്ധതി സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനുള്ളിലെ താരാമതി മാതാ ക്ഷേത്രത്തെയും മുളുണ്ട് അടിവാരത്തെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനും സാധ്യതാ പഠനങ്ങള്‍ നടത്തുന്നതിനുമായി കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനായുള്ള ടെന്‍ഡര്‍ പൊതുമരാമത്ത് വകുപ്പ് ക്ഷണിച്ചു.
2024 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താന്‍ മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നതെന്ന് മുളുണ്ട് എംഎല്‍എ മിഹിര്‍ കോട്ടേച്ച വ്യക്തമാക്കി.
മുളുണ്ട് അടിവാരത്തുനിന്ന് താരാമതി മാതാ ക്ഷേത്രത്തിലേക്ക് മാത്രമുള്ളതാണ് പുതിയ പദ്ധതിയെന്നും, മലമുകളില്‍ തുള്‍സി തടാകത്തിന്റെയും നാഷണല്‍ പാര്‍ക്കിന്റെയും മനോഹര കാഴ്ചകള്‍ ആസ്വദിക്കാന്‍ ഒബ്സര്‍വേറ്ററിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സര്‍ക്കാരിന്റെ വനം-പരിസ്ഥിതി വകുപ്പുകളുടെ ഔദ്യോഗിക അനുമതികള്‍ ലഭിച്ചതിന് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ പുരോഗമിക്കുക.