
മുംബൈയില്‍ നിരോധനാജ്ഞ
മുംബൈ: നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 6 വരെ മുംബൈ നഗരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മുംബൈ പൊലീസ്. അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. ആയുധങ്ങളോ ആയുധങ്ങളാക്കി മാറ്റാന്‍ സാധ്യതയുള്ള വസ്തുക്കളോ കൈവശം വെക്കുന്നതിനും വിലക്കുണ്ട്.
ജാഥകളും പ്രതിഷേധങ്ങളും നിരോധിച്ചിട്ടുണ്ട്. പൊതു ഇടങ്ങളില്‍ പാട്ടുപാടുന്നതിനും പാട്ട് കേള്‍പ്പിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. നിയന്ത്രിതമായ ശബ്ദപരിധിക്ക് മുകളില്‍ മൈക്കിലൂടെ പാട്ടുപാടുന്നതിനും പാട്ട് കേള്‍പ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നവരാത്രി ആഘോഷങ്ങള്‍ക്കിടെ നഗരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ നടപടികള്‍. പതിവുള്ളതാണ് ഇത്തരം നിരോധനാജ്ഞകള്‍ എങ്കിലും സെപ്റ്റംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരത്തിലെത്തുന്നത് കണക്കിലെടുത്താണ് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.