

ഐഐടി ബോംബെ ക്യാംപസിന് മുൻപിൽ പ്രതിഷേധിച്ച മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്‌വാദിനെ കസ്റ്റഡിയിലെടുത്ത് നീക്കുന്നു
മുംബൈ: ആത്മഹത്യ ചെയ്ത വിദ്യാർഥി സഹിൽ വാകോഡെയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഐടി ബോംബെ ക്യാംപസിന് മുൻപിൽ നടന്ന പ്രതിഷേധം തടഞ്ഞ് പൊലീസ്. പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ് എംപി വർഷ ഗെയ്ക്‌വാദ്, എൻഎസ്‌യുഐ, കോൺഗ്രസ് പ്രവർത്തകർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. വ്യാഴാഴ്ച രാവിലെയാണ് പ്രതിഷേധം നടന്നത്.
നിലവിലെ ഭരണവ്യവസ്ഥ വിദ്യാഭ്യാസ സംവിധാനത്തെ ദ്രോഹിക്കുകയാണെന്ന് പ്രതിഷേധ വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ വർഷ ഗെയ്ക്‌വാദ് ആരോപിച്ചു. വാകോഡെയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം. ഏതെങ്കിലും പ്രത്യേക മതത്തിലോ ജാതിയിലോ പെട്ടവരാണെങ്കിൽ വിദ്യാർഥികൾ അപമാനവും ബുദ്ധിമുട്ടും നേരിടുകയാണ്. ഐഐടിയിൽ നടക്കുന്ന ആദ്യ സംഭവമല്ലിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർഎസ്എസ് നുഴഞ്ഞുകയറുകയാണെന്നും മുംബൈ കോൺഗ്രസ് അധ്യക്ഷ കൂടിയായ വർഷ ആരോപിച്ചു.
പ്രതിഷേധം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് സ്ഥലത്തെത്തിയ വർഷയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോക്കൽ പൊലീസ് സ്റ്റേഷനിലേക്കാണ് കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോയത്.
സെപ്റ്റംബർ 18നാണ് സെമസ്റ്റർ പരീക്ഷയ്ക്ക് ചാറ്റ്ജിപിടി ഉപയോഗിച്ച് പിടിക്കപ്പെട്ടതിന് രണ്ടാം വർഷ ബിടെക് വിദ്യാർഥിയായ സഹിൽ വാകോഡെ ആത്മഹത്യ ചെയ്തത്. ഹോസ്റ്റൽ റൂമിൽ തൂങ്ങിമരിച്ച നിലയിൽ വാകോഡെയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. വാകോഡെയുടെ രക്ഷിതാക്കളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു.