
മുംബൈ: പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ.) ഭോപ്പാല്‍ യൂണിറ്റ് പ്രവാസികളായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി, പ്രവാസി എഴുത്തുകാരനും ഇടതുസഹയാത്രികനുമായിരുന്ന ഗോപന്‍ നെല്ലിക്കലിൻ്റെ സ്മരണാര്‍ത്ഥം കേരളത്തിനു വെളിയിലുള്ളവര്‍ക്കായി അഖിലേന്ത്യാതലത്തില്‍ നടത്തിയ സാഹിത്യമത്സരത്തിലെ കഥാവിഭാഗത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാട്ടൂര്‍ മുരളി പുരസ്‌കാരത്തിന് അര്‍ഹനായി.
പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചരുവിലാണ് ഫലപ്രഖ്യാപനം നടത്തിയത്. കാട്ടൂര്‍ മുരളി രചിച്ച 'കാലാപാനി' എന്ന കഥയ്ക്കാണ് പുരസ്‌കാരം. 7000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം കണ്ണൂരില്‍ നടക്കുന്ന പു.ക.സയുടെ സംസ്ഥാന സമ്മേളനത്തില്‍ സമ്മാനിക്കും.
മുംബൈയില്‍ ജനിക്കുകയും മുംബൈയിലും കേരളത്തിലുമായി വിദ്യാഭ്യാസം നടത്തുകയും ചെയ്തശേഷം മുംബൈയില്‍തന്നെ സ്ഥിരവാസമാക്കിയ കാട്ടൂര്‍ മുരളി മുംബൈയിലെ മലയാളി പത്രപ്രവര്‍ത്തകരില്‍ ശ്രദ്ധേയനാണ്. മറാഠി ഭാഷയിലും അവഗാഹമുള്ള അദ്ദേഹത്തിന്റെ രചനകള്‍ പലതും ഈ നഗരത്തെയും ഇവിടത്തെ മനുഷ്യരെയും അടുത്തറിഞ്ഞിട്ടുള്ളവയാണ്. പത്രപ്രവര്‍ത്തനത്തിനിടയില്‍ വെറും വാര്‍ത്തയില്‍ ഒതുക്കാന്‍ കഴിയാത്തതോ പത്രവാര്‍ത്തയ്ക്ക് വഴങ്ങാത്തതോ ആയ കുറെ നേര്‍ക്കാഴ്ചകളും അനുഭവങ്ങളും ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റ 'മുംബൈ മാണൂസ്' എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദീര്‍ഘകാലം കലാകൗമുദി ദിനപത്രത്തില്‍ മുംബൈയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോള്‍ മാതൃഭൂമി ദിനപത്രം മുംബൈ എഡിഷനില്‍ സേവനമനുഷ്ഠിക്കുന്നു. കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ സ്വദേശിയാണ്.
അതേസമയം, 'തെരുവു തെണ്ടുന്ന പെണ്‍കുട്ടി' എന്ന രചനയിലൂടെ കവിതാവിഭാഗത്തില്‍ ചെന്നൈയില്‍ നിന്നുള്ള സാജിദ് മുഹമ്മദ് പുരസ്‌കാരത്തിന് അര്‍ഹനായി. എം.കെ. ഹരികുമാര്‍, ഇ.പി. രാജഗോപാലന്‍, എസ്. രാജശേഖരന്‍ എന്നിവര്‍ കഥയുടെയും സജീവ് ഐമനം, അപ്പു മുട്ടറ, ജി. തുളസീധരന്‍ എന്നിവര്‍ കവിതയുടെയും വിധികര്‍ത്താക്കളായിരുന്നു.
സാഹിത്യമത്സരത്തില്‍ വിജയികളായ കാട്ടൂര്‍ മുരളിക്കും, സാജിദ് മുഹമ്മദിനും, മത്സരത്തില്‍ പങ്കെടുത്ത മറ്റെല്ലാ എഴുത്തുകാര്‍ക്കും പുരോഗമന കലാസാഹിത്യസംഘം ഭോപ്പാല്‍ യൂണിറ്റിൻ്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി ഭാരവാഹികളായ ഷാബു എസ്.ധരന്‍, മനോജ് കെ.ആര്‍ എന്നിവര്‍ അറിയിച്ചു.