
തനുശ്രീ ദത്ത
മുംബൈ: സ്വന്തം വീട്ടില്‍നിന്ന് കടുത്ത പീഡനം നേരിടുന്നുവെന്ന ആരോപണവുമായി നടി തനുശ്രീ ദത്ത. വീടിനുള്ളില്‍ അതിക്രൂരമായ പീഡനമാണ് താന്‍ നേരിടുന്നതെന്നും ആരെങ്കിലും തന്നെ രക്ഷിക്കണമെന്നുമുള്ള അപേക്ഷയുമായി പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വിഡിയോ താരം പങ്കുവച്ചു.
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു മിസ്സ് ഇന്ത്യ ആയിരുന്ന തനുശ്രീ ദത്ത. 'ആഷിഖ് ബനായാ' എന്ന ഒറ്റ ചിത്രത്തിലൂടെ വന്‍ തരംഗമാണ് തനുശ്രീ സൃഷ്ടിച്ചത്. പിന്നാലെ വന്ന ഡോല്‍, ഭാഗം ഭാഗ്, ഗുഡ് ബോയ് ബാഡ് ബോയ് തുടങ്ങിയ സിനിമകളൊക്കെ തനുശ്രീയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റി. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ നാന പടേക്കറിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയതോടെ തനുശ്രീ വീണ്ടും വര്‍ത്തകളില്‍ നിറഞ്ഞു.
സ്വന്തം വീട്ടില്‍നിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തനുശ്രീ ഇപ്പോള്‍. വിഡിയോ സന്ദേശത്തിലൂടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2018 മുതല്‍ താന്‍ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും. പൊലീസിന്‍റെ സഹായം തേടിയതായും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
മീ ടൂ വിവാദത്തില്‍ ശക്തമായ നിലപാടെടുത്തത് മുതല്‍ തനിക്കെതിരായ ഉപദ്രവം തുടരുകയാണെന്ന് തനുശ്രീ വിഡിയൊയിൽ പറയുന്നു.
''ഞാന്‍ പൊലീസിനെ വിളിച്ചു. സ്റ്റേഷനിലെത്തി കൃത്യമായ പരാതി നല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്ക് ഇന്ന് സുഖമില്ല. നാളെ പോയി പരാതി നല്‍കും. കഴിഞ്ഞ 4-5 വര്‍ഷമായി എന്നെ വളരെയധികം ഉപദ്രവിച്ചു. എന്‍റെ ആരോഗ്യം മോശമായി. എനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്‍റെ വീട് ആകെ അലങ്കോലമായി കിടക്കുകയാണ്. എനിക്ക് വീട്ടുജോലിക്കാരെ നിയമിക്കാന്‍ പോലും കഴിയുന്നില്ല'', അവര്‍ പറഞ്ഞു.