

രാജ് താക്കറെ
മുംബൈ: 2008-ലെ കലാപക്കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ മേധാവി രാജ് താക്കറെ വ്യാഴാഴ്ച താനെ ജില്ലയിലെ കോടതിയില്‍ ഹാജരായി. താന്‍ കുറ്റക്കാരനല്ലെന്ന് വാദിച്ചതായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.
2008 ഒക്ടോബര്‍ 19-ന് നടന്ന കലാപവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനും ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരേ കോടതി കുറ്റംചുമത്തിയിരുന്നു.
ആരോപണങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ രാജ് താക്കറെ നിഷേധാത്മകമായി മറുപടിനല്‍കി. തുടര്‍ന്ന് കേസ് അടുത്ത വാദംകേള്‍ക്കലിനായി കോടതി ഡിസംബര്‍ 16-ന് മാറ്റിയതായി അഭിഭാഷകന്‍ രാജേന്ദ്ര ശിരോദ്കര്‍ പറഞ്ഞു.
റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പരീക്ഷ എഴുതാന്‍ വന്ന ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ എംഎന്‍എസ് പ്രവര്‍ത്തകര്‍ അക്രമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. താക്കറെക്കും എംഎന്‍എസ് പ്രവര്‍ത്തകര്‍ക്കുമെതിരേ 54 കേസുകളാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്.