ശരദ് പവാറിൻ്റെ രാജി: രാഹുലും സ്റ്റാലിനും സുപ്രിയയെ വിളിച്ചു, തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അഭ്യർത്ഥന

ചൊവ്വാഴ്ച ശരദ് പവാർ രാജി പ്രഖ്യാപനം നടത്തിയ മണിക്കൂറുകൾക്കകം സുപ്രിയയെ തേടി രാഹുലിൻ്റെയും സ്റ്റാലിൻ്റെയും വിളി എത്തി എന്നാണ് എൻ.സി.പി വൃത്തങ്ങൾ പറയുന്നത്
ശരദ് പവാറിൻ്റെ രാജി: രാഹുലും സ്റ്റാലിനും സുപ്രിയയെ വിളിച്ചു, തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അഭ്യർത്ഥന
Updated on

മുംബൈ: എൻ.സി.പി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ശരദ് പവാറിൻ്റെ അപ്രതീക്ഷിത രാജി വളരെ ചർച്ചയായിരുന്നു. ഇതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ശരദ് പവാറിൻ്റെ മകളും ലോക്‌സഭാംഗവുമായ സുപ്രിയ സുലെയുമായി ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്. പിതാവിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് അഭ്യർഥിച്ചാണ് ഫോൺ വിളിച്ചത്.

എൻ.സി.പിയിലെ രണ്ട് മുതിർന്ന അംഗങ്ങളാണ് ഈ വിവരം അറിയിച്ചത്. ചൊവ്വാഴ്ച ശരദ് പവാർ രാജി പ്രഖ്യാപനം നടത്തിയ മണിക്കൂറുകൾക്കകം സുപ്രിയയെ തേടി രാഹുലിൻ്റെയും സ്റ്റാലിൻ്റെയും വിളി എത്തി എന്നാണ് എൻ.സി.പി വൃത്തങ്ങൾ പറയുന്നത്.

പാർട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള പവാറിൻ്റെ അപ്രതീക്ഷിത നീക്കത്തെക്കുറിച്ച് രാഹുൽ ഗാന്ധിയും സ്റ്റാലിനും സുപ്രിയ സുലേയുമായി സംസാരിച്ചുവെന്ന് ഒരു മുതിർന്ന എൻ സി പി നേതാവ്‌ അറിയിച്ചു.

ഒരു സുപ്രഭാതത്തിൽ പാർട്ടി ​അധ്യക്ഷ സ്ഥാനം ഒഴിയാൻ ശരദ് പവാറിനെ പ്രേരിപ്പിച്ചതെന്താണെന്നും അന്വേഷിച്ച രാഹുൽ രാജി പിൻവലിപ്പിക്കാൻ ശ്രമം നടത്താൻ സുപ്രിയ സുലെയോട് ആവശ്യപെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സുപ്രിയയുടെ മറുപടി എന്തായിരുന്നുവെന്നത് പുറത്തുവന്നിട്ടില്ല.

''പവാറിന്റെ പെട്ടെന്നുണ്ടായ തീരുമാനത്തിനു പിന്നിൽ എന്താണെന്നായിരുന്നു രാഹുലിനും സ്റ്റാലിനും അറിയേണ്ടിയിരുന്നത്. പവാർ തീരുമാനം മാറ്റണമെന്നും അവർക്ക് അഭിപ്രായമുണ്ടായിരുന്നു.''-എൻ.സി.പി അംഗം പറഞ്ഞു. എൻ.സി.പിയുമായി ചേർന്നുപോകുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് വരെയെങ്കിലും പവാർ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന അഭിപ്രായമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com