
മഹാരാഷ്ട്ര ഗവർണറായി രമേഷ് ബായിസ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ബോംബെ ഹൈക്കോർട്ട് ആക്റ്റിങ് ചീഫ് ജസ്റ്റിസ് എസ് വി ഗംഗപുർവാല സത്യവാചകം ചൊല്ലിക്കൊടുത്തു. മറാത്തിയിലാണു പുതിയ ഗവർണർ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
2019 മുതൽ ഗവർണറായിരുന്ന ഭഗത് സിങ് കോശിയാരി രാജിവച്ചതിനെ തുടർന്നാണു രമേഷ് ബായിസിനെ നിയമിച്ചത്. നേരത്തെ ജാർഖണ്ഡ് ഗവർണറായിരുന്നു. മഹാരാഷ്ട്രയുടെ 22-ാമതു ഗവർണറാണു റായ്പൂർ സ്വദേശിയായ രമേഷ് ബായിസ്. വാജ്പേയി മന്ത്രിസഭയിൽ കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.