
26 വര്‍ഷത്തിന് ശേഷം കൊലപാതക കേസില്‍ രവി പൂജാരിയെ വെറുതെ വിട്ടു
മുംബൈ: ദാവൂദ് ഇബ്രാഹിമിന്‍റെ സഹായിയെ 1999ല്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രവി പൂജാരിയെ മുംബൈയിലെ പ്രത്യേക മക്കോക കോടതി വെറുതെ വിട്ടു. വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
ഛോട്ടാ രാജന്‍ ഉള്‍പ്പെടെ 11 പ്രതികളെ നേരത്തെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രവി പൂജാരിയെ വെറുതെ വിട്ടത്.
ദാവൂദ് ഇബ്രാഹിം സംഘത്തില്‍ പെട്ട ആനന്ദ് ശര്‍മ്മയെ വെടിവച്ചു കൊലപ്പെടുത്തിയ കേസാണിത്. 1992 ലെ ജെജെ ആശുപത്രി വെടിവയ്പ്പുകേസിലെ പ്രതികളിലൊരാളായിരുന്നു കൊല്ലപ്പെട്ട ആനന്ദ് ശര്‍മ്മ. അതേസമയം, മറ്റു കേസുകള്‍ ഉള്ളതിനാല്‍ രവി പൂജാരിക്ക് ജയില്‍മോചിതനാകാന്‍ സാധിക്കില്ല.