വായനാദിനത്തിൽ 'തരങ്ങഴി' ചർച്ച ചെയ്ത് സീവുഡ്സ് മലയാളി സമാജം

കോവിലനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രജിതന്റെ ജ്യേഷ്ഠസഹോദരൻ കൂടിയായ കെ എ അജിതകുമാറാണ് ചർച്ച നയിച്ചത്
വായനാദിനത്തിൽ 'തരങ്ങഴി' ചർച്ച ചെയ്ത് സീവുഡ്സ് മലയാളി സമാജം

നവി മുംബൈ: സാഹിത്യകാരൻ കോവിലന്റെ മുഴുമിപ്പിക്കാത്ത 'തട്ടക'മെന്ന നോവലിനെ പൂർണമാക്കാൻ ശ്രമിക്കുന്ന രജിതൻ കണ്ടാണശേരിയുടെ 'തരങ്ങഴി'യെന്ന കൃതി ചർച്ച ചെയ്താണ് സീവുഡ്സ് മലയാളി സമാജം വായനാദിനം ഇത്തവണ ആഘോഷിച്ചത്.

തരങ്ങഴിയിൽ 'തട്ടകം' ദേശവും കോവിലൻ വരുണനുമായി എത്തി കാവിലശ്ശേരി എന്ന ഗ്രാമത്തിന്റെ വിഭ്രമാത്മകമായ കഥകളിലൂടെ കഥാപാത്രങ്ങളിലൂടെ കേരളത്തിന്റെ പരിച്ഛേദമായി തീരുന്നുവെന്ന് സമാജത്തിൽ ചേർന്ന യോഗം വിലയിരുത്തി. കോവിലനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രജിതന്റെ ജ്യേഷ്ഠസഹോദരൻ കൂടിയായ കെ എ അജിതകുമാറാണ് ചർച്ച നയിച്ചത്.

കോവിലന്റെ നാട്ടുകാരനായ രജിതൻ കണ്ടാണശ്ശേരി ഒരിക്കൽ നാട്ടിലെ വായനശാല നടത്തിയ കഥാമത്സരത്തിൽ വിജയിയായ ശേഷമാണ് എഴുത്തുകാരന്റെ വീട്ടിലെ സന്ദർശകനാവുന്നതും സൗഹൃദം ആരംഭിക്കുന്നതുമെന്ന് ആമുഖ സംഭാഷണത്തിൽ അജിതകുമാർ പറഞ്ഞു. ആ കാലത്തായിരുന്നു, 'തട്ടകം' ഖണ്ഡശയായി പ്രസദ്ധീകരിച്ചിരുന്നത്. അക്കാലത്തൊക്കെ കോവിലൻ സെർവിക്കൽ സ്പോൺണ്ടിലേറ്റിസ് കാരണം വളരെ ബുദ്ധിമുട്ടിയിരുന്നുവെന്ന് അജിതകുമാർ ഓർമ്മിച്ചു.

മാതൃഭൂമിയിൽ ഖണ്ഡശ പ്രസിദ്ധീകരണം തുടങ്ങിയെങ്കിലും തട്ടകത്തിന്റെ മുഴുവൻ അധ്യായങ്ങളും എഴുതി തീർന്നിരുന്നില്ലെന്നും അതിനിടയിൽ അസുഖം മൂർച്ഛിക്കുകയും ക്ലേശകരമായ രചന മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വരികയും ചെയ്തുവെന്നും അദ്ദേഹം ഓർത്തെടുത്തു.

ഈ സമയത്ത് കോവിലൻ കഥകൾ ചുരുക്കി രജിതന് പറഞ്ഞ് കൊടുക്കുകയും നോവലിസ്റ്റ് സ്വന്തം ശൈലിയിൽ എഴുതി കൊണ്ടുവന്ന് വായിച്ച് കേൾപ്പിക്കുകയും ചെയ്തിരുന്നു."കോവിലൻ അത് വീണ്ടും മാറ്റിയെഴുതും. കോവിലന്റെ മാന്ത്രിക സ്പർശനങ്ങൾ മുഴുവൻ ചേർത്ത് അക്ഷരങ്ങൾ മാന്ത്രികജാലം കാട്ടും. ഇങ്ങിനെയാണ് കോവിലന്റെ തട്ടകം ഒരുവിധം അവസാനിപ്പിച്ചത്, " അജിതകുമാർ പറഞ്ഞു.

സഹ ലൈബ്രേറിയൻ പി എം ബാബുവിൻ്റെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമാജം സെക്രട്ടറി രാജീവ് നായർ, കെ കുഞ്ഞനന്തൻ, അനൂപ് കുമാർ കളത്തിൽ എന്നിവർ സംസാരിച്ചു. സമാജം ലൈബ്രേറിയൻ ഗോപിനാഥൻ നമ്പ്യാർ തരങ്ങഴി എഴുതാനുള്ള ഭൂമികയെ കുറിച്ച് സംസാരിക്കുകയും കോവിലൻ ബാക്കിയാക്കിയ തൊഴിലാളി പ്രസ്ഥാനവും, കമ്മ്യൂണിസവും, കളരിയും കൊലപാതകവും തുടങ്ങിയ

1942 മുതലുള്ള കണ്ടാണശ്ശേരിയുടെ ചരിത്രത്തെ പരാമർശിച്ചു സംസാരിച്ചു. കോവിലന്റെ അസുഖം മൂർച്ഛിച്ചത് കാരണം തട്ടകത്തിന്റെ ബാക്കി ഭാഗം എഴുതാൻ കഴിഞ്ഞില്ല. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ പിന്നെ പുസ്തകമായി പുറത്തിറങ്ങുകയാണ് ചെയ്തത്. തരങ്ങഴി കാവിലശ്ശേരി എന്ന ഗ്രാമത്തിന്റെ രാഷ്ട്രീയ ഭൂമികകളും ഉപജീവന പ്രതിസന്ധികളും വെളിപ്പെടുത്തുന്നു എന്ന് യോഗം വിലയിരുത്തി.

വ്യത്യസ്തമായ മനുഷ്യ ജീവിതങ്ങളെയും സസ്യ ജന്തുജാലങ്ങളെയും, കല്ലുത്തിപാറ, മുനിമട, കുടക്കല്ലുകളും, ഏറാന്മൂടും, ശങ്കരം കുളവും, അയിനി മരങ്ങളും, വാഴത്തടത്തിൽ ഭഗവതിയും, തരങ്ങഴിയുടെ താളുകളിൽ തണുപ്പിച്ചും പൊള്ളിച്ചും രുദ്രനൃത്തമാടുന്നു എന്ന് യോഗം നിരീക്ഷിച്ചു. കോവിലന്റെ തട്ടകത്തിന്റെ ശൈലിയിൽ നിന്നും വ്യത്യസ്‌തമായി വിവേചന സിദ്ധാന്ത രൂപത്തിൽ എഴുതിയ തരങ്ങഴി തീർത്തും ഒരു സ്വതന്ത്ര നോവലാണ് എന്ന് യോഗം വിലയിരുത്തി.

തട്ടിതടച്ചിലുകളൊന്നും കടന്നു വരാത്തവിധം രസകരമായ വായനയാണ് തരങ്ങഴി നൽകുന്നത് എന്നും കോവിലൻ എന്ന സാഹിത്യകാരന്റെ ചിന്തകളിലേക്കും ജീവിതത്തിലേക്കും നീളുന്ന ഒരു അന്വേഷണം കൂടിയാവുന്നു തരങ്ങഴിയെന്നും യോഗം വിലയിരുത്തി.

നോവലിസ്റ്റ് കോവിലൻ സ്വപ്നം കണ്ടിരുന്ന തട്ടകത്തിന്റെ രണ്ടാം ഭാഗത്തിന്റെ രചന തന്നിൽ താല്പര്യം ഉണർത്തിയിരുന്നില്ലെന്ന്, രജിതൻ കണ്ടാണശ്ശേരി ഓൺലൈൻ വഴി ചർച്ചയിൽ പങ്കെടുത്ത് മറുകുറിയായി പറഞ്ഞു."തട്ടകത്തിന്റെ തുടർക്കഥകളിൽ കണ്ടാണശ്ശേരിയിലെ ഒരു കാരണവർ കൂടി തെളിഞ്ഞു വരണം. അത്‌ മാറ്റാരുമല്ല, ആരും സഞ്ചരിക്കാത്ത മലയാള കഥാ സാഹിത്യത്തിന്റെ വഴികളിലൂടെ നടന്നും അതി തീക്ഷണമായ ചിന്തകളുടെയും അനുഭവങ്ങളെയും തടിച്ച മുനയുള്ള സ്വന്തം തൂലികയാൽ പകർന്നു നൽകിയ വട്ടമ്പറമ്പിൽ വേലപ്പൻ അയ്യപ്പന്റെ (കോവിലന്റെ) വരണ്ട രണഭൂമികളുടെയും, തണുത്തുറഞ്ഞ ഹിമാലയ സാനുക്കളുടെയും സഹനത്തിന്റെ കവചവുമായി അതിജീവിച്ച കോവിലന്റെ പച്ച ജീവിതം, " രജിതൻ പറഞ്ഞു.

കണ്ടാണശ്ശേരിയിലെ മണ്ണിൽ സാഹിതീയ രണഭൂമികളിൽ നടത്തിയ ഇടപെടലുകളുടെ കഥകളാണ് തരങ്ങഴിയെന്ന് എഴുത്തുകാരൻ പറഞ്ഞു. തരങ്ങഴിയുടെ പതിപ്പ് അനൂപ് കുമാർ കളത്തിലിന് നൽകിയാണ് സമാജം വായനാദിന ചർച്ച ഉദ്ഘാടനം ചെയ്തത്.

Trending

No stories found.

Latest News

No stories found.