

മുംബൈ: ദി കേരള സ്റ്റോറി' ക്കെതിരെ നടത്തിയ പരാമർശത്തിന് എൻസിപി നേതാവും മഹാരാഷ്ട്ര മുൻ ഭവനമന്ത്രിയുമായ ജിതേന്ദ്ര അവ്ഹദിനെതിരെ അപകീർത്തി കുറ്റം ചുമത്തി കേസെടുത്തു. ബിജെപി പ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്ന് ബുധനാഴ്ച വർത്തക് നഗർ പൊലീസാണ് ജിതേന്ദ്ര അവ്ഹദിനെതിരെ കേസെടുത്തത്.
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 500 (അപകീർത്തിപ്പെടുത്തൽ) പ്രകാരം ജിതേന്ദ്ര അവാദിനെതിരെ എൻസി രജിസ്റ്റർ ചെയ്തതായി വർത്തക് നഗർ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ സദാശിവ് നികം പറഞ്ഞു.
'ദി കേരള സ്റ്റോറി' സിനിമ കേരളത്തിൻ്റെ പ്രതിച്ഛായ തകർക്കുക മാത്രമല്ല, കേരളത്തെയും സ്ത്രീകളെയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു നേരത്തെ മാധ്യമങ്ങളോട് സംസാരിക്കവെ അവാദ് പറഞ്ഞത്. ചിത്രത്തിൽ കേരളത്തിൽ നിന്ന് 32,000 സ്ത്രീകളെ കാണാതാവുകയും ഭീകര സംഘടനയായ ഐഎസിൽ ചേരുകയും ചെയ്തിട്ടുണ്ടെന്നും കാണിക്കുന്നു, എന്നാൽ യഥാർത്ഥ കണക്ക് മൂന്ന് ആണെന്നും" അദ്ദേഹം പറഞ്ഞിരുന്നു
അതേസമയം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രണ്ടു ദിവസം മുമ്പ് സിനിമ കാണുകയും എല്ലാവരോടും സിനിമ കാണണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സിനിമയെ അപകീർത്തിപ്പെടുത്തുകയും അനാവശ്യ പ്രസ്താവനകൾ നടത്തുകയും ചെയ്തതിന് അവാദിനെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.