

മണിക്‌റാവു കൊകട്ടെ
മുംബൈ : മഹാരാഷ്ട്ര കായികമന്ത്രിയും അജിത്പവാര്‍വിഭാഗം എന്‍സിപിനേതാവുമായ മണിക്‌റാവു കൊകട്ടെയെ 1995-ലെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ച കീഴ് കോടതി വിധി നാസിക് സെഷന്‍സ് കോടതി ശരിവെച്ചു.
മന്ത്രിയും സഹോദരനും മാനദണ്ഡങ്ങള്‍ക്കനുസൃതമായല്ല സര്‍ക്കാര്‍ ക്വാട്ടയില്‍ ഫ്‌ലാറ്റുകള്‍ നേടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.
സര്‍ക്കാര്‍ ക്വാട്ടയില്‍ ഫ്‌ലാറ്റ് ലഭിക്കുന്നതിനു വ്യാജരേഖകള്‍ സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഫെബ്രുവരി 20-ന് മജിസ്‌ട്രേറ്റ് കോടതി മണിക് റാവ കൊകട്ടെയെ കൂടാതെ സഹോദരന്‍ വിജയ്യെയും കുറ്റക്കാരാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷം തടവിനു ശിക്ഷിക്കുകയായിരുന്നു. എന്നാല്‍, വിധിക്ക് സ്റ്റേ ലഭിച്ചിരുന്നു. നാസിക് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.എം.ബദറാണ് മന്ത്രി കൊകട്ടെക്കും സഹോദരനും മജിസ്ട്രേറ്റ് കോടതി വിധിച്ച ജയില്‍ ശിക്ഷ ശരിവെച്ചത്.
സംസ്ഥാന സര്‍ക്കാരിനെ ഇരുവരും വഞ്ചിച്ചിരിക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വിധിക്ക് സ്റ്റേ അനുവദിക്കാതിരുന്നതോടെ മന്ത്രി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ച ഹൈക്കോടതി ഇത് പരിഗണിക്കും. മുന്‍മന്ത്രി ടി.എസ്. ഡിഗൊളെയുടെ പരാതിയില്‍ 1995-ല്‍ രജിസ്റ്റര്‍ ചെയ്ത ഇതേകേസില്‍ മറ്റ് രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.