സേവനം, ഭക്തനും ഭഗവാനും ഒരുപോലെ

സേവനം, ഭക്തനും ഭഗവാനും ഒരുപോലെ

ദക്ഷിണേന്ത്യയിൽ ഉടനീളമുള്ള 150ൽപ്പരം അയ്യപ്പ സേവാ കേന്ദ്രങ്ങളിൽ ശബരിമല അയ്യപ്പ സേവാ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ഭക്തർക്ക് സൗകര്യങ്ങൾ ചെയ്തുപോരുന്നു

സ്വന്തം ലേഖിക

ഭഗവാനെയും ഭക്തനെയും ഒരേ പേരിട്ടു വിളിക്കുന്ന ഉദാത്ത സങ്കൽപ്പമാണ് ശബരിമലയിലേത്. അതുകൊണ്ടു തന്നെ ഭഗവാനായ അയ്യപ്പനെ സേവിക്കുന്നതും, ഭക്തരായ അയ്യപ്പൻമാരെ സേവിക്കുന്നതും ഒരുപോലെ പുണ്യമെന്ന് വിശ്വാസം. ഈ വിശ്വാസത്തിന്‍റെ മൂർത്തീഭാവമാണ് ശബരിമല അയ്യപ്പ സേവാ സമാജം (SASS) എന്ന ചാരിറ്റബിൾ ട്രസ്റ്റ്.

ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ 2008ൽ തുടക്കം കുറിച്ച സംഘടനയ്ക്ക്, ആഗോള അയ്യപ്പ ഭക്തരെ പ്രതിനിധീകരിച്ച് അയ്യപ്പ ധർമം സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന വിശാല ലക്ഷ്യമാണുള്ളത്. ജാതി-വർഗ-ഭാഷാ അതിരുകൾക്കപ്പുറം ഹിന്ദുസമൂഹത്തിന്‍റെ ഐക്യവും, രാഷ്‌ട്ര പുനർനിർമാണവും സമാജത്തിന്‍റെ ലക്ഷ്യങ്ങളിൽപ്പെടുന്നു.

സേവനം

കല്ലും മുള്ളും താണ്ടി ശബരിമലയിലേക്ക് ദർശനത്തിനെത്തുന്ന ഭക്തർക്ക് തണലായി മാറുന്ന അയ്യപ്പ സേവാ സമാജത്തിന്‍റെ സജീവ സാന്നിധ്യം മണ്ഡല-മകരവിളക്ക് സീസണുകളിൽ വിവിധ കേന്ദ്രങ്ങളിൽ ദൃശ്യമാണ്. അന്നദാനമായും കുടിവെള്ള വിതരണമായും വൈദ്യ സഹായമായുമെല്ലാം അവരുടെ പ്രവർത്തനങ്ങൾ വ്യാപിച്ചു കിടക്കുന്നു. ഇതുകൂടാതെ ഓരോ മലയാള മാസവും നടതുറന്നിരിക്കുന്ന സമയത്തെല്ലാം ശബരിമലയിൽ കുടിവെള്ള വിതരണം പോലുള്ള സേവനങ്ങളുമായി സമാജത്തിന്‍റെ സന്നദ്ധ പ്രവർത്തകരുണ്ടാകും.

ശബരിമലയിൽ മാത്രമല്ല, ദക്ഷിണേന്ത്യയിൽ ഉടനീളമുള്ള 150ൽപ്പരം അയ്യപ്പ സേവാ കേന്ദ്രങ്ങളിൽ ശബരിമല അയ്യപ്പ സേവാ സമാജത്തിന്‍റെ കേന്ദ്ര നേതൃത്വത്തിനു കീഴിൽ ഭക്തർക്ക് സൗകര്യങ്ങൾ ചെയ്തുപോരുന്നു. വിവിധ കേന്ദ്രങ്ങളുടെ ചുമതല വിവിധ മേഖലകൾക്കാണ്. മഹാരാഷ്‌ട്രയിലെ പ്രവർത്തനങ്ങൾ കൊങ്കൺ, ദേവഗിരി, വിദർഭ, പശ്ചിമ മഹാരാഷ്‌ട്ര എന്നീ പ്രാന്തങ്ങൾക്കായി വിഭജിച്ചു നൽകിയിട്ടുണ്ട്. ഇതിൽ കൊങ്കൺ മേഖലയ്ക്കു തന്നെയാണ് മണ്ഡല-മകരവിളക്ക് കാലത്ത് കേരളത്തിലെ എരുമേലിയിലുള്ള അയ്യപ്പ സേവാ കേന്ദ്രത്തിന്‍റെയും നടത്തിപ്പ് ചുമതല. സമാജം കേന്ദ്ര നേതൃത്വത്തിനു കീഴിൽ സ്വന്തം കെട്ടിടവും ഇവിടെയുണ്ട്.

ശബരമല നട തുറന്നിരിക്കുന്ന ദിവസങ്ങളിലെല്ലാം രാവിലെ മുതൽ രാത്രി വരെ എത്തുന്ന എല്ലാ ഭക്തർക്കും അന്നദാനവും കുടിവെള്ള വിതരണവും പൂർണമായും സൗജന്യമായി നൽകിവരുന്നുണ്ടെന്ന് ശബരിമല അയ്യപ്പ സേവാ സമാജത്തിന്‍റെ കൊങ്കൺ പ്രാന്ത് ജനറൽ സെക്രട്ടറി ഗിരീഷ് ജി. നായർ പറഞ്ഞു.

നിലവിൽ ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ സെക്രട്ടറി (പ്രചാർ) ആയി പ്രവർത്തിക്കുന്ന എൻ. മുത്തുകൃഷ്ണന്‍റെ നേതൃത്വത്തിൽ 2016ലാണ് കൊങ്കൺ പ്രാന്തം രൂപീകരിക്കപ്പെടുന്നത്. അദ്ദേഹമായിരുന്നു ആദ്യ ജനറൽ സെക്രട്ടറി. 2022 മുതൽ ഡോ. സുരേഷ് നായരാണ് കൊങ്കൺ പ്രാന്തത്തിന്‍റെ പ്രസിഡന്‍റായി പ്രവർത്തിച്ചുവരുന്നത്, ട്രഷററായി ശശാങ്ക് ഷായും.

ശബരിമല തീർഥാടകർ ഒത്തുകൂടുന്ന എല്ലാ കേന്ദ്രങ്ങളിലും സമാജം സൗജന്യമായി തന്നെ സേവന ക്യാംപുകൾ ഒരുക്കുന്നുണ്ട്. വഴിതെറ്റുന്ന തീർഥാടകർക്ക് വഴികാട്ടിയായും തളർന്നു വീഴുന്നവർക്ക് താങ്ങായും അവർ ഒപ്പമുണ്ടാവും. ശബരിമല ഭക്തരുടെ ക്ഷേമവും അയ്യപ്പ ധർമത്തിന്‍റെ പ്രചാരണവുമാണ് തങ്ങളുടെ വലിയ ദൗത്യങ്ങളെന്നും അത് എല്ലാക്കാലത്തും വളരെ മികച്ച രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കൊങ്കൺ പ്രാന്ത് ജനറൽ സെക്രട്ടറി ഗിരീഷ് കൂട്ടിച്ചേർക്കുന്നു.

ഹരിവരാസനം ശതാബ്ദി ആഘോഷങ്ങൾ

1923ൽ കോന്നകത്ത് ജാനകിയമ്മയാണ് അയ്യപ്പന്‍റെ അതിപ്രശസ്തമായ ഉറക്കുപാട്ട്, 'ഹരിവരാസനം' എഴുതി സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹരിവരാസനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങൾ ശബരിമല അയ്യപ്പ സേവാ സമാജം ലോകമെമ്പാടും സംഘടിപ്പിച്ചുവരുന്നുണ്ട്. ആദ്യത്തെ ആഘോഷ പരിപാടി ചെന്നൈയിൽ 2022 ജൂണിൽ നടത്തി. തുടർന്ന് അതേ വർഷം ഓഗസ്റ്റിൽ പന്തളത്തായിരുന്നു ഔപചാരിക ഉദ്ഘാടനം. അതിനു ശേഷം മറ്റു സംസ്ഥാനങ്ങളിലും യുകെ, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും ശതാബ്ദി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ഇക്കൂട്ടത്തിൽ കൊങ്കൺ പ്രാന്ത് മൂന്നു സ്ഥലത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇവയിൽ ടി.എസ്. രാധാകൃഷ്ണൻജി, കലൈമാമണി വീരമണി രാജു, കണ്ണൻ ജി. നാഥ് (കലാകാരൻ), ഞെരളത്ത് ഹരിഗോവിന്ദൻ, പ്രശാന്ത് വർമ, ആശ മിഥുൻ നായർ എന്നീ പ്രശസ്ത സംഗീതജ്ഞരുടെ പരിപാടികൾ നടത്തിയിരുന്നു. കലാമണ്ഡലം വിജയശ്രീ, മുംബൈയിൽ നിന്നുള്ള ശ്രാവണി നൃത്തസംഘം എന്നിവരുടെ ഹരിവരാസനം നൃത്താവിഷ്കാരങ്ങളും വേദികളെ ധന്യമാക്കി. മൂന്നിടങ്ങളിലുമായി അയ്യായിരത്തിലധികം പേരാണ് പരിപാടികളിൽ പങ്കെടുത്തത്.

തുടക്കവും വളർച്ചയും

എം.എൻ. സുകുമാരൻ നമ്പ്യാർ, പി.ആർ. കൃഷ്ണകുമാർ, വി.പി. മന്മഥൻ നായർ, കുമ്മനം രാജശേഖരൻ, എം.എൻ. നമ്പ്യാർ തുടങ്ങിയ പ്രഗൽഭരുടെ നേതൃത്വത്തിൽ കേരളത്തിൽ തുടക്കം കുറിച്ച സമാജം ചുരുങ്ങിയ കാലത്തിനുള്ളിൽ രാജ്യത്തെ 13 സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.

കർണാടകയിൽ നിന്നുള്ള ടി.ബി. ശേഖറാണ് ഇപ്പോൾ ശബരിമല അയ്യപ്പ സേവാ സമാജത്തിന്‍റെ ദേശീയ (SASS Bharath) ചെയർമാനും ട്രസ്റ്റിയുമായി പ്രവർത്തിക്കുന്നത്. കേരളത്തിൽനിന്നുള്ള ഈറോഡ് എൻ. രാജൻ ജനറൽ സെക്രട്ടറിയും ട്രസ്റ്റിയുമായി സേവനമനുഷ്ഠിക്കുന്നു. പ്രകാശ് ജി. പൈ ട്രഷററും ട്രസ്റ്റിയുമായി പ്രവർത്തിക്കുന്നു.

ദേശീയ ഘടകത്തിനു കീഴിലുള്ള പശ്ചിമ മധ്യ ക്ഷേത്രയിൽ മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു. മുരുകൻ സെൽവനാണ് പശ്ചിമ മധ്യ ക്ഷേത്രയുടെ പ്രസിഡന്‍റ്, അഡ്വ. കുമാർ വൈദ്യനാഥൻ ജനറൽ സെക്രട്ടറിയും, നന്ദകുമാർ നായർ ഓർഗനൈസിങ് സെക്രട്ടറിയും.

മഹാരാഷ്‌ട്രയിലെ നാല് പ്രാന്തങ്ങൾ ഉൾപ്പെടെ 2‌9 പ്രാന്തങ്ങളാണ് ഇപ്പോൾ സമാജത്തിനുള്ളത്. അയ്യപ്പ സ്വാമിയുടെ നാമത്തിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകൾക്കിടയിൽ ശബരിമല അയ്യപ്പ സേവാ സമാജത്തെ വ്യത്യസ്തമാക്കുന്നത്, ആത്മീയ - ഭക്ത സംഘടന എന്നതിലുപരി വിശാല ഹൈന്ദവ സമൂഹത്തെ ഉൾക്കൊള്ളുന്ന കാഴ്ചപ്പാടാണ്.

ആരാധന (സത്‌സംഗം), ആത്മീയ വിദ്യാഭ്യാസം (സ്വാധ്യായം), സമുദായ സേവനം (സേവ), ജാതി-വർഗ-ഭാഷാ വേർതിരിവുകളില്ലാത്ത സാഹോദര്യം (സമരസത), രാഷ്‌ട്രീയ നീക്കങ്ങൾക്കെതിരായ സമാധാനപരവും ജനാധിപത്യപരവുമായ പ്രതിരോധം (സംഘർഷം) എന്നിവയാണ് ശബരിമല അയ്യപ്പ സേവാ സമാജത്തിന്‍റെ അടിസ്ഥാന തത്വങ്ങൾ.

പരിപാവനമായ ശബരിമല ക്ഷേത്രത്തെയും അവിടത്തെ ആചാരങ്ങളെയും അതിന്‍റെ വിശുദ്ധിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തന്ത്രി, മേൽശാന്തി, പന്തളം രജകുടുംബം, ആശ്രമ മേധാവികൾ, ഗുരുസ്വാമിമാർ, ഇതര അയ്യപ്പ ഭക്തർ എന്നിവരെയെല്ലാം ഒരേ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്ന രീതിയിലുള്ള പ്രവർത്തനമാണ് വിശാല തലത്തിൽ സമാജം നടത്തുന്നത്- ശബരിമല അയ്യപ്പ സേവാ സമാജത്തിന്‍റെ കൊങ്കൺ പ്രാന്ത് ജനറൽ സെക്രട്ടറി ഗിരീഷ് ജി. നായർ വിശദീകരിക്കുന്നു.

Email: sasskonkan@gmail.com

Website: www.sassbharath.org

YouTube: @sassbharath

Facebook & Instagram: sasskonkan

President, SASS Konkan - Dr. Suresh Nair (Ph: 98671 63696)

General Secretary, SASS Konkan - Girish G. Nair (Ph: 9820917436)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com