മഹാരാഷ്ട്രയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി സൂര്യകാന്ത പാട്ടീൽ പാർട്ടിവിട്ടു

2014ൽ ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ നിന്ന് വേർപിരിഞ്ഞാണ് പാട്ടീല്‍ ബിജെപിയിൽ എത്തുന്നത്.
സൂര്യകാന്ത പാട്ടീൽ
സൂര്യകാന്ത പാട്ടീൽ

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി.പാർട്ടിയുടെ മോശം പ്രകടനത്തെ വിമർശിച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ മുതിര്‍ന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൂര്യകാന്ത പാട്ടീൽ പാർട്ടിയിൽ നിന്നും രാജിവെച്ചു. ''കഴിഞ്ഞ 10 വർഷമായി ഒരുപാട് കാര്യങ്ങൾ പഠിച്ചു, പാർട്ടിയോട് ഞാൻ നന്ദി പറയുന്നു,'' രാജിക്ക് ശേഷം സൂര്യകാന്ത പാട്ടീൽ വ്യക്തമാക്കി. 2014ൽ ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ നിന്ന് വേർപിരിഞ്ഞാണ് പാട്ടീല്‍ ബിജെപിയിൽ എത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മറാത്ത്‌വാഡയിലെ ഹിംഗോലി മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കങ്ങള്‍ സൂര്യകാന്ത പാട്ടില്‍ നടത്തിയിരുന്നു. എന്നാല്‍ സീറ്റ് ലഭിച്ചില്ല.

സീറ്റ് പങ്കിടൽ ധാരണയനുസരിച്ച് ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനക്കാണ് ഹിംഗോലി മണ്ഡലം ലഭിച്ചത്. ഇതിലെ അതൃപ്തി സൂര്യകാന്ത സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ മുതിർന്ന നേതാവിനെ കൈയൊഴിയാൻ ബിജെപി തയ്യാറായിരുന്നില്ല. ഹഡ്ഗാവ് ഹിമായത് നഗര്‍ നിയമസഭാ മണ്ഡലത്തിന്‍റെ ചുമതല നല്‍കിയാണ് അവരെ അനുനയിപ്പിച്ചിരുന്നത്.

അതേസമയം ഹിംഗോളി സീറ്റ് മഹായുതി(ബിജെപി-ഷിന്‍ഡെ ശിവസേന- അജിത് പവാര്‍ എന്‍സിപി) സഖ്യത്തിന് നഷ്ടമാകുകയും ചെയ്തു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയാണ് ഇവിടെ വിജയിച്ചത്.

ഇതിന് പിന്നാലെയാണ് സൂര്യകാന്ത പാട്ടീൽ ബിജെപിയില്‍ നിന്നും രാജിവെക്കുന്നത്. നാല് തവണ എംപിയായും ഒരു തവണ എംഎൽഎയായും ഹിംഗോളി-നന്ദേഡ് മണ്ഡലത്തെ സൂര്യകാന്ത പാട്ടീല്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. യുപിഎ സർക്കാരിന്‍റെ കാലത്ത് ഗ്രാമവികസന, പാർലമെന്‍ററി കാര്യ സഹമന്ത്രിയായിരുന്നു.

അതേസമയം തന്‍റെ ഭാവിപ്രവര്‍ത്തനത്തെക്കുറിച്ച് അവർ വെളിപ്പെടുത്തിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സൂര്യകാന്ത കോൺഗ്രസിൽ ചേർന്നേക്കുമെന്നും അഭ്യൂഹമുണ്ട്.

Trending

No stories found.

Latest News

No stories found.