

താനെയില്‍ ഭോജ്പുരി നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍
താനെ: താനെയില്‍ വെബ് സീരീസ്-ഭോജ്പുരി നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തെ ക്രൈംബ്രാഞ്ച് പിടികൂടി. 26 വയസുകാരിയായ നടിയെയാണ് താനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വാഗ്ലെ എസ്റ്റേറ്റ് പരിസരത്തെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ രഹസ്യ റെയ്ഡിലാണ് സംഘം വലയിലായത്. രണ്ട് യുവതികളെ രക്ഷപ്പെടുത്തി.
പ്രശസ്തമായ ഒടിടി പ്ലാറ്റ്‌ഫോം വെബ് സീരീസുകളിലും ഏതാനും ഭോജ്പുരി ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടിയാണ് പിടിയിലായത്. സിനിമ-മോഡലിങ് രംഗത്ത് അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളാണ് നടിയെ പെണ്‍വാണിഭ റാക്കറ്റിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
മോഡലിങ് മേഖലയില്‍ തിളങ്ങാന്‍ ആഗ്രഹിച്ചെത്തുന്നവരും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുമായ യുവതികളെയാണ് നടി പ്രധാനമായും വലയിലാക്കിയിരുന്നത്.
സംഘത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ച പൊലീസ് തന്ത്രപൂര്‍വം കെണിയൊരുക്കുകയായിരുന്നു. വാഗ്ലെ എസ്റ്റേറ്റിലെ ഹോട്ടല്‍ സായ് ടച്ച് റെസ്റ്റോറന്റിന് സമീപത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ നടിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. റാക്കറ്റില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.