
ശരദ് പവാര്‍, അജിത് പവാര്‍
മുംബൈ: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. യശ്വന്ത് റാവു ചവാന്‍ സെന്‍ററിലാണ് ശരദ് പവാറിനെ ഗഡ്കരി സന്ദർശിച്ചത്. സന്ദര്‍ശനത്തിനിടെ കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും ഒട്ടേറെ സുപ്രധാന വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.
മഹാരാഷ്ട്ര എന്‍സിപി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍, എക്‌സിക്യൂട്ടിവ് പ്രസിഡന്‍റ് സുപ്രിയ സുലെ, വിദ്യാധര്‍ അനസ്‌കര്‍, പാര്‍ട്ടി നേതാവ് യുഗേന്ദ്ര പവാര്‍ എന്നിവരും കൂടിക്കാഴ്ച സമയത്ത് സന്നിഹിതരായിരുന്നു.
സൗഹൃദം പങ്കുവയ്ക്കാനെത്തിയതാണ് ഗഡ്കരിയെന്ന് പിന്നീട് പവാര്‍ എക്‌സില്‍ കുറിച്ചു.
അതിനിടെ എന്‍സിപിയുടെ രണ്ട് വിഭാഗങ്ങളും വീണ്ടും ഒന്നിക്കാനുള്ള സാധ്യതയില്‍ രണ്ട് ഗ്രൂപ്പുകളും കൂടിക്കാഴ്ച ആരംഭിച്ചിട്ടുണ്ട്. നഗരസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രണ്ട് എന്‍സിപികളും ലയിക്കുമെന്ന് തിങ്കളാഴ്ച എന്‍സിപി നേതാവ് ഏക്നാഥ് ഖഡ്സെയും അവകാശപ്പെട്ടിരുന്നു.
അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപിയുമായി സഖ്യമുണ്ടാക്കുന്നതിനു തന്‍റെ പാര്‍ട്ടിയിലെ ഒരു വിഭാഗം അനുകൂലമാണെന്ന് മാധ്യമങ്ങളുമായുള്ള അനൗപചാരിക സംഭാഷണത്തില്‍ ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നത്.