
മുംബൈ: സുഹൃത്തും സഹനടിയുമായ തുനിഷ ശർമ്മ ആത്മഹത്യ ചെയ്ത കേസിൽ നടൻ ഷീസാൻ ഖാന് വസായ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ജില്ലാ, അഡീഷണൽ സെഷൻസ് ജഡ്ജി ആർ ഡി ദേശ്പാണ്ഡെയാണ് ജാമ്യം അനുവദിച്ചത്.
ഡിസംബർ 31 മുതൽ ഖാൻ താനെ ജയിലിൽ കഴിയുകയായിരുന്നു. 2022 ഡിസംബർ 24 ന് നയ്ഗാവിലെ ഒരു സ്റ്റുഡിയോയിലെ ഖാന്‍റെ മേക്കപ്പ് റൂമിലെ ശുചിമുറിയിൽ ടുണിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ദിവസത്തിന് ശേഷമാണ് ഷീസാൻ ഖാനെ വലിവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 16 ന് വലിവ് പൊലീസ് നടനെതിരെ 500 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ഫെബ്രുവരി 20 ന് ഖാൻ രണ്ടാം ജാമ്യാപേക്ഷ സമർപ്പിച്ചു. തുനിഷയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന് പറഞ്ഞ് തുനിഷയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ജനുവരി 19ന് വസായ് കോടതി ഖാന്‍റെ ആദ്യ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ജാമ്യാപേക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദം വ്യാഴാഴ്ച അവസാനിച്ചു. തുനിഷയുടെ അഭിഭാഷകനും സർക്കാരും ജാമ്യത്തെ എതിർത്തപ്പോൾ, കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതിനാലും അദ്ദേഹത്തിനെതിരെ കേസില്ലാത്തതിനാലും ജാമ്യത്തിൽ വിടണമെന്ന് ഖാന്‍റെ അഭിഭാഷകൻ വാദിച്ചു.