മുംബൈ: ശ്രീമാന്‍റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള വലിയ സംരംഭമായി മാറട്ടെ ശ്രീമാന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ എന്ന് പ്രശസ്ത സാഹിത്യകാരന്‍ അഷ്ടമൂര്‍ത്തി. മുംബൈ ചെമ്പൂരിലെ സമാജ് മന്ദിര്‍ ഹാളില്‍ ഫൗണ്ടേഷന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
''എന്‍റെ പന്ത്രണ്ടു വര്‍ഷത്തെ ബോംബെ ജീവിതത്തില്‍ ഞാന്‍ വളരെയധികം നഷ്ടപ്പെടുത്തിയ ഒരു അവസരമാണ് ശ്രീമാനുമായുള്ള സമ്പര്‍ക്കം. അദ്ദേഹത്തെക്കുറിച്ച് കേട്ടിരുന്നെങ്കിലും കാണാനോ ഇടപഴകാനോ അന്ന് അവസരം കിട്ടിയിട്ടില്ല. അതെനിക്ക് ഇന്നും ഒരു അത്ഭുതമായിട്ടാണ് തോന്നുന്നത്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല. പക്ഷെ 1986-ല്‍ ബോംബെ ജീവിതം മതിയാക്കി ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് അറിയുന്നത്. അദ്ദേഹത്തെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ നഗരായനം എന്ന പുസ്തകം വായിക്കാനും അതിന് അവതാരിക എഴുതാനും സന്ദര്‍ഭം കിട്ടുന്നത് അപ്പോഴാണ്. എന്റെ മുംബൈ കാലത്ത് ഇത്ര വലിയൊരു മഹദ് വ്യക്തിത്വം അവിടെ ഉണ്ടായിരുന്നിട്ടും പരിചയപ്പെടാന്‍ കഴിയാഞ്ഞതില്‍ കുറ്റബോധം തോന്നി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എനിക്ക് അദ്ദേഹത്തെ വളരെ കാര്യമായിത്തന്നെ പരിചയപ്പെടാനും സംസാരിക്കാനും ഇടപഴകാനുമൊക്കെ അവസരം കിട്ടി. അേദ്ദഹം തൃശൂരില്‍ വരുമ്പോഴും ഞാന്‍ ബോംബെയില്‍ വരുമ്പോഴുെമാക്കെ തമ്മില്‍ കാണാറുണ്ട്. നഗരായനത്തിന്റെ പ്രകാശനത്തിന് ഞാന്‍ മുംബൈയില്‍ സന്നിഹിതനായിരുന്നു.നഗരവനസാഗരം തൃശൂരില്‍ പ്രകാശനം ചെയ്യപ്പെട്ടപ്പോഴും ഞാന്‍ പങ്കെടുത്തിരുന്നു'' - അഷ്ടമൂര്‍ത്തി പറഞ്ഞു.
ശ്രീമാന്‍റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് ആരംഭിച്ച ചടങ്ങില്‍ മധു നമ്പ്യാര്‍ സ്മൃതിഗീതം ആലപിച്ചു. കെ. രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആഷിഷ് എബ്രഹാമിന്‍റെ ശബ്ദത്തില്‍ ശ്രീമാന്‍റെ ജീവിതം അനാവരണം ചെയ്യുന്ന ഓഡിയോ കേള്‍പ്പിച്ചു. സി.പി. കൃഷ്ണകുമാര്‍, ലയണ്‍ കുമാരന്‍ നായര്‍, സുരേഷ് കുമാര്‍ ടി, അഡ്വ. ജി.എ.കെ. നായര്‍, കെ ഉണ്ണികൃഷ്ണൻ, ഇ.പി.കെ. വാസുദേവന്‍, ലീല ഉണ്ണിത്താന്‍, ഫൗണ്ടേഷന്‍ ഭാരവാഹികളായ പി. രാധാകൃഷ്ണന്‍, പി.പി. അശോകന്‍, ശിവപ്രസാദ് കെ. നായര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി പ്രഭാകരൻ , എം ബാലൻ പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്തു.
ലയണ്‍ കുമാരന്‍ നായര്‍, പി.ആര്‍. കൃഷ്ണന്‍, മരണാനന്തര ബഹുമതിയായി ഗോപാലന്‍ നായര്‍ എന്നിവരെ ആദരിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി. സാഹിത്യമത്സരത്തില്‍ വിജയികളായവര്‍ക്കും കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കും സമ്മാനം നല്‍കി.