

കുറ്റവാളിയെങ്കില്‍ മകളെ തൂക്കിക്കൊല്ലണമെന്ന് സിയ ഗോയലിന്‍റെ അമ്മ
മുംബൈ: കുറ്റക്കാരിയെങ്കില്‍ മകളെ തൂക്കിക്കൊല്ലണമെന്ന് പ്രതിശ്രുതവരനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്‍റെ അമ്മ. ഹൃദയാഘാതത്തെ തുടര്‍ന്ന് സിയയുടെ പിതാവ് ആശുപത്രിയിലായതിന് പിന്നാലെയാണ് അമ്മയുടെ പ്രതികരണം. റിയല്‍ എസ്റ്റേറ്റ് വ്യവസായി ആയിരുന്ന കേതന്‍ അഗര്‍വാള്‍ (26) കൊലക്കേസിലെ പ്രതിയാണ് സിയ(20). കാമുകന്‍ ചേതന്‍ ചൗധരിയും സിയയും ചേര്‍ന്ന് കേതനെ മഹാരാഷ്ട്രയിലെ സഹ്യാദ്രി മലനിരകളിലെ ലൊഹാഗഡ് കോട്ടയില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്.
സിയയെയും ചേതനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേതന്റേത് അപകടമരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഇതിന്റെ കൂടുതല്‍ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനിടെ ചേതന്റെ ബേക്കറിയിലെ ജീവനക്കാരനെയും പൊലീസ് ചെയ്തിരുന്നു. കുറ്റകൃത്യം നടന്ന ദിവസം ചേതന്‍ ഇയാളുടെ മൊബൈലില്‍ നിന്നാണ് സിയയുമായി സംസാരിച്ചതെന്ന് കണ്ടെത്തിയാണ് ചോദ്യം ചെയ്തത്.
കേസ് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് കണ്ടെത്താനാണിത്. പുണെയിലെ കോഫി ഷോപ്പിലിരുന്നാണ് ഇരുവരും കൂടി കേതനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു. അതിനിടെ തന്റെ മകന്‍ തെറ്റ് ചെയ്യില്ലെന്നും ചേതനെ കുടുക്കാന്‍ സിയ മനപ്പൂര്‍വം ശ്രമിക്കുകയാണെന്നും ആരോപിച്ച് ചേതന്റെ പിതാവ ബാബുലാല്‍ ചൗധരി രംഗത്തെത്തി.