
താനെ: അംബർനാഥ് എസ്. എൻ.ഡി.പി യും എസ്.എൻ.ഡി.പി വനിതാ വിഭാഗവും എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെൻറും സംയുക്തമായി വർഷങ്ങളായി സംഘടിപ്പിക്കാറുള്ള ആറ്റുകാൽ പൊങ്കാല മഹോത്സവം ഇക്കൊല്ലവും വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ശ്രീരാമദാസ മിഷൻ ഗ്ലോബൽ ചെയർമാൻ കൃഷ്ണാനന്ദ സരസ്വതി സ്വാമിജിയുടെ മുഖ്യ കാർമ്മികത്തിൽ നടന്ന പതിമൂന്നാം പൊങ്കാല മഹോത്സവ ചടങ്ങുകളിൽ വനിതകളുടെ അഭൂതപൂർവമായ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്.
മാർച്ച് ആറാം തീയതി വൈകിട്ട് ബദലാപ്പൂർ ശ്രീ രാമഗിരി ആശ്രമത്തിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ദേവീ വിഗ്രഹം അംബർനാഥ് രാം മന്ദിറിൽ എത്തിക്കുകയും അവിടെ നിന്ന് താലപ്പൊലിയുടെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ എതിരേറ്റ് അംബർനാഥിലെ ശ്രീ നാരായണ ഗുരു സെൻ്ററിൽ സ്ഥാപിക്കുകയും ചെയ്തതോടെ ആരംഭിച്ച ചടങ്ങുകൾ മാർച്ച് ഏഴാം തീയതി ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ പ്രസാദ ഊട്ടോടെ സമാപിച്ചു.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന സാക്ഷാൽ ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിച്ച അതേ പുണ്യ മുഹൂർത്തത്തിൽ അംബർനാഥിലെ ശ്രീ നാരായണ ഗുരു സെൻ്ററിലെ പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുകയും അവിടെ നിന്ന് വനിതാ വിഭാഗം സന്നദ്ധ സേവകർ ഓരോ പൊങ്കാല അടുപ്പിലേയ്ക്കും അഗ്നി പകരുകയും ചെയ്തു.
ഉച്ചയ്ക്ക് 12.30 ന് ദേവിയുടെ വിഗ്രഹവുമായി ശ്രീ. ശ്രീകുമാർ നമ്പൂതിരിയും സംഘവും ഓരോ പൊങ്കാല അടുപ്പിനും മുമ്പിലെത്തി നിവേദ്യം തളിച്ചു.
ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് കേരളീയരല്ലാത്ത ധാരാളം വനിതകളുടെ സാന്നിദ്ധ്യം ഉത്സവത്തിൻ്റെ ജനകീയ സ്വഭാവം വിളിച്ചറിയിക്കുന്നതായി എസ്.എൻ.ഡി.പി.യോഗം അംബർനാഥ് പ്രസിഡണ്ട് എം.പി. അജയകുമാർ പറഞ്ഞു.
പൊങ്കാല മഹോത്സവത്തിൻ്റെ വിജയത്തിനായി ദിവസങ്ങളോളം പരിശ്രമത്തിലായിരുന്ന ഓരോ സുമനസ്സുകളെയും ദിവസങ്ങളായി വൃതം അനുഷ്ഠിച്ച് പൊങ്കാല സമർപ്പിക്കാനെത്തിയ ഓരോ സുകൃതികളെയും ശ്രീരാമദാസ മിഷൻ ഗ്ലോബൽ ചെയർമാൻ പൂജനീയ ബ്രഹ്മശ്രീ. കൃഷ്ണാനന്ദ സരസ്വതി സ്വാമിജി പ്രത്യേകം അഭിനന്ദിച്ചു.
അംബർനാഥ് എം.എൽ.എ, ഡോ. ബാലാജി കിണിക്കർ , ശിവസേനാ നേതാവ് സുനിൽ ചൗധരി , സാമൂഹ്യ പ്രവർത്തകരായ ചരൺ റസാൽ,കബീർ ഗയ്ക്കവാദ്, ഫെഡറൽ ബാങ്ക് സീനിയർ ഉദ്യോഗസ്ഥരായ മഹേഷ്,അജോയ് , ശ്രീമതി. ജെയ്സി എന്നിവരും പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ശ്രീകുമാർ. ജി. മാവേലിക്കര ചടങ്ങിൽ അവതാരകനായിരുന്നു.