

മാതാപിതാക്കളെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുത്ത മകന് മൂന്ന് മാസം തടവുശിക്ഷ
file
പുനെ: വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ചതിന് മകന് മൂന്നുമാസം കഠിനതടവും 5,000 രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമനിയമത്തിലെ സെക്ഷന്‍ 24 പ്രകാരമുള്ള കുറ്റകൃത്യത്തിനാണ് ജുന്നാര്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ ശിക്ഷിച്ചത്.
നിംഗാവ്സാവ എന്ന ഗ്രാമത്തില്‍ താമസിക്കുന്ന 80 വയസുള്ള പിതാവിന്‍റെ പരാതിയിലാണ് നടപടി. മൂത്ത മകനും മരുമകളും വൃദ്ധദമ്പതിമാരോടൊപ്പം താമസിക്കുകയും അവരെ പരിപാലിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ കോടതി കുറ്റവിമുക്തനാക്കി.
ഇളയമകനെ നവംബര്‍ 10-നാണ് അറസ്റ്റുചെയ്തത്. നിലവില്‍ യെര്‍വാഡ സെന്‍ട്രല്‍ ജയിലിലാണുള്ളത്. തന്‍റെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് തന്‍റെ പേരിലുള്ള കൃഷിഭൂമി തട്ടിയെടുത്ത് വീട്ടില്‍നിന്ന് പുറത്താക്കിയെന്നും തന്നെയും ഭാര്യയെയും പട്ടിണിയിലാക്കിയെന്നും ആരോപിച്ച് പിതാവ് ജുന്നാറിലെ നാരായണ്‍ഗാവ് പൊലീസില്‍ പരാതിനല്‍കിയിരുന്നു. ഇളയ മകന്‍ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയെന്നു മാത്രമല്ല, അവരില്‍നിന്ന് കൃഷിഭൂമിയും പണവും കൈക്കലാക്കിയെന്നും കോടതി കണ്ടെത്തി. പ്രതി ചെയ്തത് നിന്ദ്യമാണെന്ന് കോടതി പറഞ്ഞു.