സാമൂഹിക പ്രവർത്തനം എന്ന ജീവിതദൗത്യം

നഗരത്തിലെ തിരക്കേറിയ ജീവിതത്തിനിടയിലും മലയാളികൾക്കിടയിൽ സൗഹൃദവും സാഹോദര്യവും ശക്തിപ്പെടുത്തിയതിനു പിന്നിൽ കെ.ടി. നായർ എന്ന സാമൂഹ്യപ്രവർത്തകന്‍റെ അർപ്പണബോധവും പ്രതിബദ്ധതയുമുണ്ട്
കെ.ടി. നായർ
കെ.ടി. നായർ

സന്തോഷവും സങ്കടവുമെല്ലാം ഒരേ പോലെ പങ്കിട്ടെടുത്ത് പരസ്പരം തണലായി മാറുന്നവരാണ് പ്രവാസി മലയാളികൾ. നഗരത്തിലെ തിരക്കേറിയ ജീവിതത്തിനിടയിലും മലയാളികൾക്കിടയിൽ സൗഹൃദവും സാഹോദര്യവും ശക്തിപ്പെടുത്തിയതിനു പിന്നിൽ കെ.ടി. നായർ എന്ന സാമൂഹ്യപ്രവർത്തകന്‍റെ അർപ്പണബോധവും പ്രതിബദ്ധതയുമുണ്ട്. തങ്ങളാൽ ആവും വിധം മറ്റുള്ളവരെ സഹായിക്കുക എന്നത് ജീവിത ദൗത്യമാക്കിയവരിൽ ഒരാളാണ് തിരുവിതാംകൂറിൽനിന്നുള്ള കെ.ടി. നായർ. 1979-ലാണ് കെ.ടി. നായർ ജോലിക്കായി മുംബൈയിലേക്ക് എത്തിയത്. മുംബൈയിൽ ജോലി ചെയ്തുകൊണ്ടു തന്നെ തന്‍റെ പഠനവും തുടർന്നിരുന്നു. അന്നു മുതൽ തന്നെ സാമൂഹ്യ സേവനത്തിലും വ്യാപൃതനായിരുന്നു.

നെരൂൾ ന്യൂ ബോംബെ കേരളീയ സമാജവുമായുള്ള പങ്കാളിത്തം

എൺപത്തിരണ്ടിൻ്റെ തുടക്കത്തിലാണ് നവി മുംബൈയിലേക്ക് താമസം മാറിയത്. 1985ൽ നെരൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ബോംബെ കേരളീയ സമാജ് എന്ന സാമൂഹിക സാംസ്കാരിക സംഘടന സ്ഥാപിതമായി. നവി മുംബൈ നിവാസികളുടെ കലാ-സാംസ്കാരിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്കിടയിൽ സാഹോദര്യബോധം വളർത്തുന്നതിനുമാണ് സംഘടന പ്രാധാന്യം നൽകിയിരുന്നത്.

പിന്നീട് 1988 മുതൽ, ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ (എൻബികെഎസ്) സജീവ പ്രവർത്തകനായി മാറി. നീണ്ട 35 വർഷത്തെ സമാജം പ്രവർത്തനത്തിൽ ഇരുപത് വർഷക്കാലം സമാജത്തിന്‍റെ പ്രസിഡന്‍റ്/സെക്രട്ടറി/ ഖജാൻജി എന്നീ നിലകളിൽ കെ.ടി. നായർ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ചികിത്സ, പ്രകൃതിക്ഷോഭങ്ങളിൽ പെട്ടുഴലുന്നവർക്കുള്ള സഹായം മറ്റു ധനസഹായങ്ങൾ തുടങ്ങി സംഘടനയുടെ സഹായഹസ്തം വിശാലമായിരുന്നു.

അംഗങ്ങൾക്കായി സംഗീത-നൃത്ത ക്ലാസുകൾ, വയലിൻ ക്ലാസുകൾ, മലയാളം മിഷൻ ക്ലാസുകൾ തുടങ്ങി കമ്മ്യൂണിറ്റി ഫെസ്റ്റിവലുകളും ഒരുക്കുന്നതിൽ മുൻനിരയിലാണ്. സ്ത്രീകൾക്കായി എൽ.പി.ജി സംരക്ഷണ സെമിനാറുകൾ, മലേറിയയും സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ പരിശോധനകളും കാൻസർ കണ്ടെത്തൽ ക്യാമ്പുകളും മറ്റും നടത്തിയിരുന്നു. നെരൂൾ ബസ് ഡിപ്പോ മുതൽ സെക്ടർ 10 വരെയുള്ള പ്രദേശം വൃത്തിയാക്കുന്നതു പോലുള്ള ശ്രദ്ധേയമായ പ്രോജക്റ്റുകൾക്ക് നേതൃത്വം നല്കിയിരുന്നു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സുനാമി ദുരിതാശ്വാസ നിധിയിലേക്കും സമാജം സംഭാവനകൾ നല്കാൻ മുൻനിരയിലുണ്ടായിരുന്നു.

ബഹുമതികളും അംഗീകാരങ്ങളും

നെരുൾ സമാജത്തിൻ്റെ കെട്ടിട നിർമാണത്തിന് കേന്ദ്ര ഗവണ്മൻ്റിൻ്റെ കൾച്ചറൽ ഡിപ്പാർട്ട്മെൻ്റിലെ പെർഫോമിംഗ് ആർട്ട്സ് വകുപ്പിൽ നിന്ന് 14,24,000 രൂപയുടെ ഗ്രാന്‍റ് അനുവദിക്കുന്നതിൽ ശ്രദ്ധേയമായ പങ്കു വഹിച്ചിരുന്നു. സന്നദ്ധ സാംസ്കാരിക സംഘടനകൾക്ക് "ബിൽഡിംഗ് ഗ്രാന്‍റ്" എന്ന പദ്ധതി പ്രകാരം എൻ.ബി.കെ.എസ് സാമൂഹിക സമുച്ചയത്തിന്‍റെ നിർമ്മാണത്തിനായി ഇതു വളരെ സഹായകരമായെന്ന് കെ.ടി. നായർ പറയുന്നു.

സംഘടനാ പ്രവർത്തനത്തിൻ്റെ അംഗീകാരമായി 2013 ഒക്‌ടോബറിൽ ബിഹാർ ഗവർണർ പത്മശ്രീ ഡോ. ഡി.വൈ പാട്ടീലിന്‍റെ കൈകളിൽ നിന്ന് കെ.ടി. നായർ ഗൗരവ് പുരസ്‌കാരം ഏറ്റുവാങ്ങി. കൂടാതെ 2021 ൽ കൊറോണ സമയത്തെ സംഘടിത പ്രവർത്തനങ്ങൾക്കായി കൊറോണ വാരിയേഴ്‌സ് എക്‌സലൻസ് അവാർഡും തേടിയെത്തി.

നവി മുംബൈയിൽ നെരൂൾ ടൗൺഷിപ്പിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുക, നെരൂളിൽ പടിഞ്ഞാറ് ഭാഗത്ത് റെയിൽവേ ബുക്കിംഗ് വിൻഡോ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കുക എന്നിവയ്ക്കായി ബന്ധപ്പെട്ട അധികാരികൾക്ക് മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. നവി മുംബൈയിൽ വാഷിയിലെ കേരള ഹൗസിൻ്റെ നിർമ്മാണ പ്രവർത്തനം ഊർജ്ജിതപ്പെടുത്താനുംനോർക്ക ഓഫീസിനു വേണ്ടിയുമുള്ള നിവേദനങ്ങൾ ബന്ധപ്പെട്ട മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും സമർപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

മറ്റു സംഘടനകളിൽ പങ്കാളിത്തം

അഖിലേന്ത്യാ മലയാളി അസോസിയേഷൻ(എയ്മ) സെൻട്രൽ കമ്മിറ്റിയുടെ അസി. സെക്രട്ടറിയായും ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (AIMA) മഹാരാഷ്ട്രയുടെ ജോയിന്‍റ് സെക്രട്ടറി, സെക്രട്ടറി എന്നീ നിലയിലും, വാഷി കേരള ഹൗസ് ആക്ഷൻ കമ്മിറ്റി സെക്രട്ടറി തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. പനവേൽ മുതൽ ഐരോളി വരെയുള്ള 14 മലയാളി സമാജങ്ങൾ അടങ്ങുന്ന നവി മുംബൈ ഏകോപന സമിതിയുടെ കൺവീനറായിരുന്നു. നെരൂൾ ശ്രീ അയ്യപ്പ സേവാ സമിതി, നവി മുംബൈ നായർ സേവാ സമാജം, ശ്രീനാരായണ മന്ദിര സമിതി തുടങ്ങിയ സംഘടനയിൽ ഇലക്ഷൻ ഓഫീസർ, ഭരണഘടന ഭേദഗതി കമ്മിറ്റി അംഗം, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

തണലായി കുടുംബം:

1979-ൽ മുംബൈയിലെത്തിയ കെ ടി നായർ ആദ്യമായി മുല്ല & മുല്ല കമ്പനി (അഡ്വക്കേറ്റ്സ് & സോളിസിറ്റർ) യിലും, ബോംബെ മറെെൻ കമ്പനിയിലും തുടർന്ന് സവിത ഓയിൽ ടെക്‌നോളജീസ് ലിമിറ്റഡിൽ എക്സിക്യൂട്ടിവ് സെക്രട്ടറിയായിട്ടും നീണ്ട 35 വർഷക്കാലം ജോലി ചെയ്തു. ഭാര്യ സുധ നായർ, മകൾ ദിവ്യ, മകൻ ദീപു എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്. മകൾ സ്വന്തമായിട്ടും മകൻ സ്വകാര്യ കമ്പനിയിലും ജോലി ചെയ്യുന്നു.

യുവാക്കൾക്കളോടായി

മുംബൈയിലെ മലയാളി സമാജങ്ങളുടെ ക്ഷേമകാര്യങ്ങളിൽ വളരെയധികം ഇടപെട്ടിട്ടുള്ള കെ.ടി.നായർക്ക് ഇന്ന് മുംബൈ മലയാളി സമാജങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കയുണ്ട്. സമാജം പ്രവർത്തനങ്ങളിൽ യുവതലമുറ കൂടുതൽ ഇടപെടണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം. യുവാക്കൾ ഇത്തരം പരിപാടികളിൽ പങ്കാളികളാകുന്നതിന്‍റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കുന്നു. മുൻ തലമുറകൾ തങ്ങൾ സ്ഥാപിച്ച് വികസിപ്പിച്ച ഈ സംഘടനകളെ ആരു പരിപാലിക്കുമെന്ന് ഭയപ്പെടുന്നുണ്ട് ഇപ്പോൾ. ഈ വിഷയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറയുന്നു.

ഇന്നത്തെ സാഹചര്യത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്. യുവാക്കൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം സമാജങ്ങൾ ഒരുക്കുക, അവരെ കൂടെ ചേർത്തുപിടിക്കുക, അവരുടെ ആശങ്കകളെ അകറ്റുക, വീഴുമ്പോൾ കൈ പിടിക്കുക, കഴിവുകൾ പ്രകടിപ്പിക്കാനും വികസിപ്പിക്കാനുമായി ശക്തമായ വേദി സൃഷ്ടിക്കുന്നതിലൂടെ, അവരുടെയും സംഘടനകളുടെയും ഭാവി ഉറപ്പാക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം.

കുടുംബ ജീവിതത്തിൻ്റെയും ശരീരത്തിൻ്റെയും മനസ്സിൻ്റെയും, സമ്പത്തിൻ്റെയും വിശ്രമ ജീവിതത്തിൻ്റെയും പങ്ക് കൊടുത്ത് അർപ്പണബോധത്തോടെ നീണ്ടകാല വിശ്രമരഹിത പ്രവർത്തനം നടത്താൻ കഴിഞ്ഞതിലും അഭിമാനിക്കുന്നു. തനിക്ക് കഴിയുന്നിടത്തോളം കാലം അർപ്പണബോധത്തോടെ തന്‍റെ സേവനം തുടരും. ആത്മാർത്ഥയോടെയുള്ള ഏതു പരിപാടികൾക്കും തന്നെ പിന്തുണയ്ക്കാൻ എപ്പോഴും തയ്യാറുള്ള ഒരുപാട് നല്ല മനസുള്ള ആളുകൾ കൂടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞ് അവസാനിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.