ശ്രീനാരായണ മന്ദിരസമിതി വാർഷികാഘോഷം ശ്രീനാരായണീയരുടെ സംഗമ വേദിയായി

സമിതി വിദ്യാഭ്യാസമുൾപ്പെടെ വിവിധ മേഖലകളിൽ നടത്തിവരുന്ന പ്രാവർത്തനങ്ങളെക്കുറിച്ചു സമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരൻ വിശദീകരിച്ചു
ശ്രീനാരായണ മന്ദിരസമിതി വാർഷികാഘോഷം ശ്രീനാരായണീയരുടെ സംഗമ വേദിയായി

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ 59 -മതു വാർഷികാഘോഷം ഏറെ ശ്രേദ്ധേയമായി. സമിതിയുടെ 41 യൂണിറ്റുകളിൽ നിന്നുമായി ആയിരക്കണക്കിന് ഗുരുദേവ ഭക്തരാണ് ആഘോഷപരിപാടികളിൽ പങ്കുകൊള്ളാനായി ഇന്നലെ എത്തിച്ചേർന്നത്. ആഘോഷപരിപാടി സമിതി അംഗങ്ങളുടെയും ഗുരുദേവ വിശ്വാസികളുടെയും സംഗമവേദിയായി മാറി.

ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. എ.വി.എ. ഗ്രൂപ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായ ഡോ. എ. വി. അനൂപ് മുഖ്യാതിഥിയുമായിരുന്നു. സമിതി ചെയർമാൻ എൻ. മോഹൻദാസ്, വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിച്ച കലാപരിപാടികളും ശ്രുതി ഓർക്കസ്ത്രയുടെ ``സ്‌നേഹോത്സവം 2023 '' എന്ന പരിപാടിയും പരിപാടികൾക്കുശേഷം മഹാപ്രസാദവും ഉണ്ടായിരുന്നു. സമ്മേളനത്തിൽവച്ച് സമിതിയുടെ 59 -മതു വാർഷിക സ്മരണിക പ്രകാശനം ചെയ്തു.

വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം , സാമൂഹിക സമത്വം തുടങ്ങിയുള്ള ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടു കഴിഞ്ഞ 6 പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന മുംബയിലെ ശ്രീനാരായണ മന്ദിര സമിതിയുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

സമിതിയുടെ 59 - മാതു വാർഷികാഘോഷത്തിനു ആശംസകൾ നേർന്നുകൊണ്ട് അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ശ്രീ നാരായണ ഗുരുദേവന്റെ ജീവിതവും ദർശനവും പ്രചരിപ്പിക്കുന്നതിനോടൊപ്പം സമത്വത്തിന്റെയും സാമൂഹിക പരിഷ്കരണത്തിന്റെയും സന്ദേശവാഹകരാവാൻ കൂടി സമിതി പ്രവർത്തകർ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുരുധർമ പ്രചാരണത്തിന്‍റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ ഇടത്തരക്കാർക്കും സമൂഹത്തിന്‍റെ താഴേക്കിടയിലുള്ളവർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു നല്ലരീതിയിൽ പ്രവർത്തിപ്പിച്ചുവരുന്ന ശ്രീ നാരായണ മന്ദിരസമിതിയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന്‌ എ. വി. അനൂപ് അഭിപ്രായപ്പെട്ടു.

ഗുരുധർമ പ്രചാരണാർദ്ധം യുഗപുരുഷൻ എന്ന സിനിമ നിർമിക്കാൻ കഴിഞ്ഞതും 51 മണിക്കൂറുകൾകൊണ്ട് വിശ്വഗുരു എന്ന പേരിൽ ഒരു സിനിമ കഥയും തിരക്കഥയുമെഴുതി നിർമിച്ചു റിലീസ് ചെയ്തു ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞതും ഗുരുവിന്‍റെ അനുഗ്രഹമായി കാണുന്നുവെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

സമിതി വിദ്യാഭ്യാസമുൾപ്പെടെ വിവിധ മേഖലകളിൽ നടത്തിവരുന്ന പ്രാവർത്തനങ്ങളെക്കുറിച്ചു സമിതി പ്രസിഡന്റ എം. ഐ. ദാമോദരൻ വിശദീകരിച്ചു. വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടണമെന്ന ഗുരുദേവ സന്ദേശം നടപ്പില്വരുത്തുന്നതിന്റെ ഭാഗമായി യുവാക്കളെയും വനിതകളെയും മുന്നില്കണ്ടുകൊണ്ടു അവർക്കു പ്രയോജനപ്രദമായ വിവിധ പദ്ധതികൾക്ക് സമിതി രൂപം നൽകിയിട്ടുണ്ടെന്നും വനിതകളുടെ ആദ്യ സംരംഭത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞെന്നും സമിതി പ്രസിഡണ്ട് എൻ. മോഹൻദാസ് പറഞ്ഞു.

ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ് അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. എൻ. മോഹൻദാസ് സ്വാഗതവും എസ്‌. ചന്ദ്രബാബു നന്ദിയും പറഞ്ഞു.

സമിതി ട്രഷറാർ വി. വി. ചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി വി. എൻ. അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറാർ പി. പൃഥ്വീരാജ്, സോണൽ സെക്രട്ടറിമാരായ പി. കെ. ആനന്ദൻ, വി. വി. മുരളീധരൻ, മായാ സഹജൻ, പി. ജി. ശശാങ്കൻ, കെ. ഉണ്ണികൃഷ്ണൻ, പി. ഹരീന്ദ്രൻ, എൻ. എസ്. രാജൻ, പി. പി. കമലാനന്ദൻ എന്നിവരും സന്നിഹിതരായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com