

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ നടന്‍ സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്തപ്പോള്‍, എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു പിതാവ് സുനില്‍ ദത്ത് എംപി സമ്മര്‍ദം ചെലുത്തിയെന്ന് മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ എം.എന്‍. സിങ്. വിട്ടുവീഴ്ചയ്ക്കു തയാറായില്ലെന്നും എന്നാല്‍ സഞ്ജയിനു കുറഞ്ഞ ശിക്ഷ ലഭിച്ചത് അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആരോപണം.
ഭീകരരില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിയെന്ന കേസില്‍ 1993 ഏപ്രിലിലാണു സഞ്ജയിനെ അറസ്റ്റ് ചെയ്തത്. മികച്ച രാഷ്ട്രീയ പ്രവര്‍ത്തകനായ സുനില്‍ ദത്തിന്റെ മകന്‍ ഈ കേസില്‍ ഉള്‍പ്പെട്ടത് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. കലാപകാലത്തു കുടുംബത്തിന്‍റെ സുരക്ഷയ്ക്കാണ് ആയുധം വാങ്ങിയതെന്ന വാദമാണു സഞ്ജയ് ആദ്യം ഉയര്‍ത്തിയത്.
ലൈസന്‍സുള്ള തോക്കുകളും വീടിനു പൊലീസ് സുരക്ഷയുമുള്ളപ്പോള്‍ എന്തിനാണ് അനധികൃത ആയുധങ്ങള്‍ എന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ വന്നപ്പോഴാണ് തെറ്റുപറ്റിയെന്ന് സഞ്ജയ് സമ്മതിച്ചത്. പിന്നാലെ, മകന്‍ മണ്ടത്തരം കാണിച്ചതാണെന്നും ഭീകരവാദിയല്ലാത്തതിനാല്‍ ഭീകരവാദത്തിനെതിരെയുള്ള ടാഡ നിയമം ചുമത്തരുതെന്നും സുനില്‍ ദത്ത് അഭ്യര്‍ഥിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.