
മുംബൈ: ബോംബെ സ്‌ഫോടന കേസിലെ കുറ്റവാളിയുടെ പരോൾ അപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. 1993ലെ ബോംബ് സ്‌ഫോടനക്കേസ് പ്രതി നിയാസ് അഹമ്മദ് ഷെയ്ഖ് ആണ് രോഗിയായ അമ്മയ്‌ക്കൊപ്പം കഴിയാൻ പരോൾ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
2018-ലെ ജയിൽ (ബോംബെ ഫർലോ, പരോൾ) ചട്ടങ്ങളിൽ മഹാരാഷ്ട്ര സർക്കാർ വരുത്തിയ ഭേദഗതിയിൽ ടാഡ കുറ്റവാളികൾക്ക് പരോളിനു അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ഷെയ്ഖിലൂാ ഹർജി ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിലെ ജസ്റ്റിസുമാരായ മങ്കേഷ് പാട്ടീലും അഭയ് വാഗ്വാസും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരസിച്ചു.
ഔറംഗാബാദിലെ ഹർസുൽ സെൻട്രൽ ജയിലിൽ കഴിയുന്ന ഷെയ്ഖ്, ബോംബ് സ്‌ഫോടനക്കേസിലെ പങ്കിന് ശിക്ഷിക്കപ്പെട്ട് 2007 ജൂൺ 1-ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. തന്‍റെ അമ്മ ക്ഷയരോഗബാധിതയാണെന്നും കൂടെയുണ്ടാകണമെന്നും കാണിച്ചാണ് പരോളിന് അപേക്ഷിച്ചത്. താൻ 29 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും പ്രതി വാദിച്ചു.
2022 ഓഗസ്റ്റ് 1 നും ഒക്ടോബർ 6 നും സംസ്ഥാന സർക്കാർ പാസാക്കിയ ഉത്തരവുകൾ ചോദ്യം ചെയ്താണ് 51 കാരനായ ഷെയ്ഖ് ഹൈക്കോടതിയെ സമീപിച്ചത്. എഴുപതുകാരിയായ അമ്മയ്ക്ക് അസുഖമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷെയ്ഖ് പരോൾ അവധിക്ക് അപേക്ഷിച്ചത്. മുംബൈയിലെ കുർള ഡിവിഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അനുകൂല റിപ്പോർട്ട് നൽകിയിട്ടും ഉന്നത ഉദ്യോഗസ്ഥർ തൻ്റെ അപേക്ഷ നിരസിച്ചതായി അപേക്ഷയിൽ വാദിച്ചു.
അതേസമയം ഉത്തരവുകളിൽ തെറ്റോ അപാകതയോ കണ്ടെത്താൻ കഴിയില്ലെന്ന്
പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ഭേദഗതിയുടെയും മുൻ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ ഷെയ്ഖിൻ്റെ പരോൾ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.