
മുംബൈ: ഔഡി പോലൊരു ആഡംബര കാർ മിക്കവർക്കും സുഖസൗകര്യങ്ങളുടെ മറുവാക്കായിരിക്കും. എന്നാൽ, മന്നു ശർമയ്ക്കും അമിത് കശ്യപിനും ഇതവരുടെ സഞ്ചരിക്കുന്ന ചായക്കടയാണ്. 70 ലക്ഷം രൂപ വില വരുന്ന കാറിലാണ് ഇവരുടെ ചായ വിൽപ്പന. ഒരു ചായയ്ക്ക് ഈടാക്കുന്നത് ഇരുപത് രൂപ മാത്രം.
അന്ധേരിയിലെ ലോഖണ്ഡ്‌വാലയിലാണ് ഇവർ പതിവായി ചായക്കച്ചവടത്തിനെത്തുന്നത്. മുംബൈയുടെ മുഖമുദ്രകളിലൊന്നായ കട്ടിങ് ചായ് തന്നെയാണ് പ്രധാന ഐറ്റം. 'ഒഡി ടീ' എന്നാണ് ഇവർ ഔഡി കാറിൽ വിൽക്കുന്ന ചായയ്ക്കു നൽകിയിരിക്കുന്ന പേര്. ഓൺ ഡ്രൈവ് എന്നതിന്‍റെ ചുരുക്കമാണത്രെ ഒഡി.
ചായക്കച്ചവടം തുടങ്ങും മുൻപ് ആഫ്രിക്കയിൽ ജോലി ചെയ്യുകയായിരുന്നു ഹരിയാന സ്വദേശിയായ ശർമ. പഞ്ചാബുകാരനായ കശ്യപാകട്ടെ, ഓഹരി വ്യാപാരം ഇപ്പോഴും തുടരുന്നു. രാവിലെ ഓഹരിക്കച്ചവടം, വൈകിട്ട് ചായക്കച്ചവടം!
ഭാവിയിൽ ഓഡി ടീ ഫ്രാഞ്ചൈസികൾ രാജ്യവ്യാപകമാക്കുക എന്നതാണ് ഇപ്പോഴിവരുടെ ലക്ഷ്യം. വീട്ടിൽ തന്നെ പലതരത്തിൽ ചായകളുണ്ടാക്കി പരീക്ഷണം നടത്തിയാണ് ഒടുവിൽ ഒഡി ടീയുടെ റെസിപ്പി അന്തിമമായി തീരുമാനിച്ചത്.