
മുംബൈ ഹൈക്കോടതി
മുംബൈ: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച വിദ്യാർഥിനി പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞിട്ടും അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കോളെജ് വിദ്യാർഥിനിക്ക് ജാമ്യം നൽകി. ജസ്റ്റിസുമാരായ ഗൗരി ഗോഡ്സെ, സോമശേഖർ സുന്ദരേശൻ എന്നിവരാണ് ജാമ്യം നൽകിയത്. കേന്ദ്ര സർക്കാർ യുദ്ധത്തിനു പ്രേരിപ്പിക്കുന്നു എന്ന അഭിപ്രായമാണ് വിദ്യാർഥി സമൂഹ മാധ്യമത്തിൽ പങ്ക് വച്ചിരുന്നത്.
പോസ്റ്റിനെതിരേ പ്രതിഷേധം ഉയർന്നതോടെ വിദ്യാർഥി പോസ്റ്റ് പിൻവലിക്കുകയും, മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ, വിവാദ പോസ്റ്റിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർഥിനിയെ കോളെജിൽ നിന്നു പുറത്താക്കുകയും പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വിദ്യാർഥിനിയെ ക്രിമിനലാക്കാൻ സർക്കാർ തിടുക്കം കൂട്ടുകയാണെന്നാണ് കോടതി പറഞ്ഞത്. അഭിപ്രായം പ്രകടിപ്പിച്ചതിന്‍റെ പേരിൽ എങ്ങനെയാണ് ഒരാളുടെ, പ്രത്യേകിച്ച് ഒരു പെൺകുട്ടിയുടെ, ജീവിതം നശിപ്പിക്കാനാകുന്നതെന്നും കോടതി ചോദിച്ചു.
കൂടാതെ, വിദ്യാർഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാൻ സർക്കാരിന് എന്ത് അധികാരമാണുളളതെന്നും കോടതി ചോദിച്ചു.