

ഭീകരാക്രമണത്തിന്‍റെ ഓര്‍മയില്‍ നഗരം
മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 17 വയസ്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഗ്ലോബല്‍ പീസ് ഓണേഴ്സ് ചടങ്ങില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും അതിജീവിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും ആദരിച്ചു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, വ്യവസായി മുകേഷ് അംബാനി ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാന്‍, രണ്‍വീര്‍ സിങ്, സുനില്‍ ഷെട്ടി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി സമാധാനത്തോടെ ജീവിക്കുകയാണെങ്കില്‍ ഒരു ശക്തിയും രാജ്യത്തെ തകര്‍ക്കാനാകില്ലെന്ന് നടന്‍ ഷാരൂഖ് പറഞ്ഞു. ജാതിമതങ്ങള്‍ക്കതീതമായി സമാധാനത്തിനായി ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈയിലെ ദിവ്യജ് ഫൗണ്ടേഷന്‍ ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കസബിനെയും അബു ഇസ്മായിലിനെയും നേരിടുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ സദാനന്ദ് ദത്തേ, ഇരുപത് ബുള്ളറ്റുകള്‍ ശരീരമാകെ തുളച്ച് കയറിയിട്ടും പൊരുതിയ സുനില്‍ ജോധാ, വെടിയുണ്ടകള്‍ ഏറ്റിട്ടും നിര്‍ണായക വിവരങ്ങള്‍ കൈമാറി കസബിനെ ജീവനോടെ പിടിക്കാന്‍ സഹായിച്ച അരുണ്‍ ജാദവ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുംബൈ ഭീകരാക്രമണത്തിലും, പഹല്‍ഗാം ഭീകരാക്രമണത്തിലും, അടുത്തിടെ നടന്ന ഡല്‍ഹി സ്‌ഫോടനങ്ങളിലും ജീവന്‍ നഷ്ടപ്പെട്ട നിരപരാധികള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.