"പ്രശസ്ത സാഹിത്യകാരന്റെ വീട്ടിൽ നിന്നാണ് മോഷണം നടത്തിയത് അറിയില്ലായിരുന്നു, എന്നോട് ക്ഷമിക്കണം"- കള്ളന്റെ കുറിപ്പ് വൈറൽ

എന്നോട് ക്ഷമിക്കണം, അദ്ദേഹത്തിന്റെ കവിതകൾ ഒരുപാട് വായിച്ചിട്ടുണ്ട്, ഇത്രയും വലിയ സാഹിത്യകാരന്റെ വീട്ടിൽ നിന്നാണ് മോഷണം നടത്തിയത് അറിയില്ലായിരുന്നു
കള്ളന്റെ കുറിപ്പ് വൈറൽ
പ്രശസ്ത മറാത്തി എഴുത്തുകാരൻ നാരായൺ സുർവെ
Updated on

മുംബൈ: പ്രശസ്ത മറാത്തി എഴുത്തുകാരൻ നാരായൺ സുർവെയുടെ വീട്ടിൽ മോഷണം നടത്തിയ ശേഷം പശ്ചാത്തപിച്ചുകൊണ്ട് കള്ളൻ എഴുതിയ ക്ഷമാപണ കുറിപ്പ് വൈറലാകുന്നു. വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച വീട് പ്രശസ്ത മറാത്തി എഴുത്തുകാരന്റെതാണെന്ന് മനസിലാക്കിയ മോഷ്ടാവ് പശ്ചാത്തപിക്കുകയും താൻ ഉപേക്ഷിച്ച വിലപിടിപ്പുള്ള വസ്തുക്കൾ തിരികെ നൽകുകയും ചെയ്യുകയായിരുന്നു.

റായ്ഗഡ് ജില്ലയിലെ നെരലിലാണ് സ്ഥിതി ചെയ്യുന്ന നാരായൺ സുർവെയുടെ വീട്ടിലാണ് മോഷണം നടന്നത്. എൽഇഡി ടിവി ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെട്ടിരുന്നു. വിരാറിലുള്ള മകന്റെ വീട്ടിൽ 10 ദിവസം ചിലവഴിക്കാൻ പോയതിനിടെയാണ് സുർവെയുടെ വീട്ടിൽ മോഷണം നടക്കുന്നത്.

മോഷണം നടന്നതിന്റെ പിറ്റേ ദിവസം സർവെയുടെ മകൾ സുജാതയും ഭർത്താവ് ഗണേഷ് ഘാരെയുമാണ് ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്ന ക്ഷമാപണ കുറിപ്പ് കണ്ടെത്തിയത്.

"താൻ മോഷ്ടിച്ച സാധനങ്ങളെല്ലാം തിരികെ കൊണ്ടു വന്നിട്ടുണ്ട്. ഇത്രയും വലിയ സാഹിത്യകാരന്റെ വീട്ടിൽ നിന്നാണ് മോഷണം നടത്തിയത് അറിയില്ലായിരുന്നു, എന്നോട് ക്ഷമിക്കണം, അദ്ദേഹത്തിന്റെ കവിതകൾ ഒരുപാട് വായിച്ചിട്ടുണ്ട്, " എന്നായിരുന്നു മോഷ്ടാവ് ചുവരിൽ ഒട്ടിച്ച കുറിപ്പിൽ പറയുന്നത്.

2010 ഓഗസ്റ്റ് 16-ന് 84-ാം വയസ്സിൽ അന്തരിച്ച സുർവെ പ്രശസ്ത മറാത്തി കവിയും സാമൂഹിക പ്രവർത്തകനുമായിരുന്നു. മുംബൈയിൽ ജനിച്ച അദ്ദേഹത്തിന്റെ കവിതകൾ നഗരങ്ങളിലെ തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങളെ വ്യക്തമായി ചിത്രീകരിച്ചിരുന്നു. സുർവെ ഒരു പ്രശസ്ത മറാത്തി കവിയാകുന്നതിന് മുമ്പ്, അദ്ദേഹം മുംബൈയിലെ തെരുവുകളിൽ അനാഥനായി വളർന്നവനായിരുന്നു.

ബാല്യകാലത്ത് വീട്ടുജോലി, ഹോട്ടലിൽ ക്ളീനിംഗ് ബോയ്, ബേബി സിറ്റർ, വളർത്തുനായ പരിപാലകൻ, പാൽ വിതരണക്കാരൻ എന്നിങ്ങനെ പലവിധ ജോലി ചെയ്തും ജീവിച്ച സുർവെ പിന്നീട് ചുമട്ടുതൊഴിലാളിയും മിൽ തൊഴിലാളിയായും നഗരത്തിൽ ജോലി ചെയ്തിട്ടുണ്ട്. തന്റെ കവിതയിലൂടെ സുർവെ അധ്വാനത്തെ മഹത്വവൽക്കരിക്കുകയും മറാത്തി സാഹിത്യത്തിലെ സ്ഥാപിത സാഹിത്യ മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

അതേസമയം ടിവി സെറ്റിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളും മറ്റും അടിസ്ഥാനമാക്കി പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com