

മുംബൈ: ടിപ്പു സുൽത്താന്‍റെ ജന്മദിനം ആഘോഷിക്കുന്നതിനു രാജ്യത്ത് വിലക്കുണ്ടോ എന്നു ബോംബൈ ഹൈക്കോടതി. ടിപ്പു സുൽത്താൻ, മൗലാനാ ആസാദ് എന്നിവരുടെ ജന്മദിനങ്ങളും ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് റാലിക്ക് അനുമതി നിഷേധിച്ച പൊലീസിനെതിരേ എഐഎംഐഎം പൂനെ യൂണിറ്റ് പ്രസിഡന്‍റ് ഫയ്യാസ് ഷാ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണു ചോദ്യം. ക്രമസമാധാന പ്രശ്നങ്ങൾക്കു സാധ്യത പരിഗണിച്ചാണ് അപേക്ഷ തള്ളിയതെന്നു പൊലീസ് അറിയിച്ചു.
അതു മനസിലാക്കാമെങ്കിലും അത്തരം സാഹചര്യത്തിൽ തടയുകയല്ല, മറ്റു സാധ്യതകൾ പരിശോധിക്കുകയാണു വേണ്ടതെന്നു ഡിവിഷൻ ബെഞ്ച് പറഞ്ഞു. പൊതുസ്ഥലത്ത് ഇത്തരം പരിപാടികൾ അനുവദിക്കില്ലെന്നും വേണമെങ്കിൽ സ്വകാര്യ സ്ഥലത്ത് നടത്താമെന്നുമായിരുന്നു പൊലീസിന്‍റെ നിലപാട്.
17നാണ് പരിപാടി. പൂനെ എസ്പിയെ നേരിട്ടു കാണാൻ ഹർജിക്കാരനോടു നിർദേശിച്ച കോടതി, പൊലീസിന് റൂട്ട് തീരുമാനിക്കാമെന്നു വ്യക്തമാക്കി. റാലിയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുക, പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുക, മോശം ഭാഷ ഉപയോഗിക്കുക എന്നീ സാഹചര്യങ്ങൾ പൊലീസിനു നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു.